ചെന്നൈ; ചെന്നൈയിലെ ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മടിപ്പാക്കത്ത് താമസികക്കുന്ന ഐടി ജീവനക്കാരനായ എസ് പ്രവീൺ(23) ആണ് മരിച്ചത്. അമിത മദ്യപാനമാണ് മരണത്തിന് കാരണമായത്.
ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വിആർ മാളിലെ ബാറിൽ നടന്ന പാർട്ടിയ്ക്കിടെയാണ് സംഭവമുണ്ടായത്. പാർട്ടിയിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തിയ പ്രവീൺ പാർട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ചെന്നൈ സെൻട്രലിലുള്ള രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശരീരത്തിൽ അമിതമായി മദ്യമെത്തിയതാണ് മരണകാരണമായതെന്ന് പൊലീസ പറഞ്ഞു. ഡിജെ പാർട്ടി സംഘടിപ്പിച്ച മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. ലൈസൻസില്ലാതെയാണ് പാർട്ടിയിൽ മദ്യം വിളമ്പിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള 500 പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. 1500 രൂപയാണ് ഒരാളിൽ നിന്ന് ടിക്കറ്റ് ചാർജായി ഈടാക്കിയിരുന്നത്. 21 വയസിൽ താഴെ പ്രായമുള്ളവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.