കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി; അഞ്ച് വർഷമായി ആൾ താമസമില്ലാത്ത പറമ്പ്; സമീപത്ത് ഷർട്ടും മുണ്ടും
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വക്കം ചെറിയ പള്ളിയ്ക്കു സമീപം കൊന്നക്കുട്ടം വീട്ടിൽ സലാഹുദ്ദീന്റെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ആൾത്താമസമില്ല. ഒരു ഏക്കറോളമുള്ള പറമ്പിൽ രണ്ട് ദിവസം മുൻപാണ് തെങ്ങിൻ തൈകൾ നടാൻ ആരംഭിച്ചത്.
അതിനിടെ കിണർ നശിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പുത്തൻനട സ്വദേശി കുട്ടപ്പൻ എന്നയാളെ കിണർ വൃത്തിയാക്കാൻ സ്ഥലമുടമ ചുമതലപ്പെടുത്തി. വൃത്തിയാക്കുന്നതിനിടെ കിണറിൽ നിന്നു അസ്ഥികൂടം മുഴുവനും പുറത്തു വന്നിട്ടും ജോലിക്കാർ തിരിച്ചറിഞ്ഞില്ല. കിണർ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങൾ കിണറിനു സമീപം കുഴിച്ചിട്ടു.
തുടർന്ന് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഫോറൻസിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകീട്ടോടെ സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു. അസ്ഥികൂടത്തിനു പുറമേ ഇവിടെ നിന്ന് ഷർട്ടും മുണ്ടും കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽ നിന്നു തിരിച്ചറിയൽ രേഖയും കണ്ടെത്തിയിട്ടുണ്ട്. വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി രാത്രിയോടെ അസ്ഥികൂടാവശിഷ്ടങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.