മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ പ്ലേഓഫ് ചിത്രം തെളിഞ്ഞു. മുംബൈ ഇന്ത്യന്‍സിനോട് 5 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെ ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്തായി. ഇതോടെ നാലാം സ്ഥാനക്കാരായി ബാംഗ്ലൂര്‍ പ്ലേഓഫ് ഉറപ്പിച്ചു.
നിര്‍ണായക മത്സരത്തില്‍ 160 റണ്‍സ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി മുംബൈക്ക് മുന്‍പില്‍ വെച്ചത്. 5 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് മുംബൈ വിജയ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് കളിയിലെ താരം.
35 പന്തില്‍ നിന്ന് 3 ഫോറും നാല് സിക്‌സും സഹിതം 48 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഡെവാള്‍ഡ് ബ്രെവിസ് 37 റണ്‍സും ടിം ഡേവിഡ് 11 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സും സഹിതം 34 റണ്‍സും നേടി. തിലക് വര്‍മ 21 റണ്‍സ് എടുത്ത് പുറത്തായി. രോഹിത് ശര്‍മയ്ക്ക് രണ്ട് റണ്‍സ് മാത്രമാണ് എടുക്കാനായത്.
സമ്മര്‍ദത്തിലേക്ക് വീണ് ഡല്‍ഹി
ബ്രെവിസിന്റെ ക്യാച്ച് പന്ത് നഷ്ടപ്പെടുത്തിയതും ടിം ഡേവിഡിന് എതിരെ ഡിആര്‍എസ് എടുക്കാന്‍ പന്ത് തയ്യാറാവാതിരുന്നതും ഡല്‍ഹിക്ക് തിരിച്ചടിയായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സിലേക്ക് എത്തിയത്.
നാലു സിക്‌സും ഒരു ഫോറുമടക്കം 34 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥ്വി ഷാ (24), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (39), അക്ഷര്‍ പട്ടേല്‍ (19) എന്നിവരും ഡല്‍ഹി നിരയില്‍ പൊരുതി. ഒരു ഘട്ടത്തില്‍ നാലിന് 50 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പന്ത് പവല്‍ സഖ്യമാണ് 100 കടത്തിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിലേക്ക് 75 റണ്‍സ് ചേര്‍ത്തു.