Latest News From Kannur

തദ്ദേശ തെരഞ്ഞെടുപ്പ്: സി.പി.എമ്മിൻ്റെ സമരം കാപട്യം -ബിജെപി

0

മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം കഴിഞ്ഞ ദിവസം മാഹിയിൽ നടത്തിയ സമരം കാപട്യമാണെന്ന് ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പുതുച്ചേരിയിലെ സി.പി.എമ്മിൻ്റെ സഖ്യകക്ഷിയായ ഡി.എം.കെ.യുടെ നേതാവ് ആർ.ശിവയാണ് അനാവശ്യമായ സങ്കേതികത്വങ്ങളും കാരണങ്ങളും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് തടസ്സപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൻ ഡി.എം.കെയുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ പ്രതികരിക്കാതെ പുതുച്ചേരി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.

മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് എൻ.ഡി.എ സർക്കാർ വൻതോതിലുള്ള വികസനമാണ് നടത്തിയിട്ടുള്ളത്. എന്നാൽ ഇത് കണ്ടില്ലെന്ന് നടിച്ച് സി.പി.എം എൻ.ഡി.എ സർക്കാരിനെ അനാവശ്യമായി വിമർശിക്കുകയാണ്.

കോൺഗ്രസിനൊപ്പമാണോ അല്ലയോ: സി.പി.എം നിലപാട് വ്യക്തമാക്കണം

രാജ്യത്തൊട്ടാകെയും പുതുച്ചേരിയിലും കോൺഗ്രസിൻ്റെ ഭാഗമായി നിൽക്കുകയും മാഹിയിൽ കോൺഗ്രസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതായുള്ള കാട്ടിക്കൂട്ടൽ നടത്തുന്ന നിലപാടില്ലായ്മയുടെ പേരാണ് സി.പി.എമ്മെന്ന്. സി.പി.എം കോൺഗ്രസിനൊപ്പമാണോ എന്ന കാര്യം വ്യക്തമാക്കണം.

കോൺഗ്രസ് നേതാവ് വി.നാരായണസ്വാമി മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഭരണത്തിൽ സി.പി.എമ്മിൻ്റെ മാഹിയിലെ ജനപ്രതിനിധി വി.രാമചന്ദ്രൻ മാസ്റ്റർ നാരായണസ്വാമിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നിട്ട് എന്ത് വികസനമാണ് മയ്യഴിക്കുണ്ടായതെന്ന് സി.പി.എമ്മും കോൺഗ്രസും വ്യക്തമാക്കണം. മുൻ കോൺഗ്രസ് സർക്കാരുകൾ പാതി വഴിയിലാക്കി തടസ്സപ്പെട്ട പ്രവൃത്തികളാെക്കെ തുടങ്ങാൻ ഇപ്പോഴത്തെ എൻ.ഡി.എ സർക്കാർ ഫണ്ട് അനുവദിച്ചു.

മാഹി ആശുപത്രിയുടെ പുതിയ ബ്ലോക്കുകളുടെ നിർമ്മാണം, പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം, പുഴയാേര നടപ്പാതയുടെ സെക്കൻ്റ് ഫേസ് പൂർത്തിയാക്കാനുള്ള പ്രവൃത്തി, മത്സ്യ ബന്ധന തുറമുഖം പൂർത്തിയാക്കാൻ 67 കോടി അനുവദിച്ചു തടങ്ങിയ ഒട്ടേറെ പ്രവൃത്തികളും പദ്ധതികളുമാണ് മാഹിയിൽ നടന്നുവരുന്നത്.

പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥനും മുഖ്യമന്ത്രി എൻ.രംഗസ്വാമിയും മറ്റ് മന്ത്രിമാരും മയ്യഴിയുടെ വികസനത്തിന് വലിയ മുൻഗണനയാണ് നൽകിയിട്ടുള്ളത്.

കോൺഗ്രസും സി.പി.എമ്മും വികസന പ്രവൃത്തികൾ കണ്ട് അന്തം വിട്ട് നില്കുന്നതാണ് കാണുന്നത്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് ഇവർ മനസിലാക്കണം. മാഹി മണ്ഡലം പ്രവർത്തക കൺവെൻഷനിൽ മാഹിമണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ദിനേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന സിക്രട്ടറി മഗനീഷ് മടത്തി ൽ , കെ.എം ത്രിജേഷ്, അഡ്വ : ഇന്ദ്രപ്രസാദ് കെ.പി.ഷാജിന,വി.കെ. രാംദാസ് സംസാരിച്ചു

Leave A Reply

Your email address will not be published.