നാളെ മുതൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ഒട്ടേറെ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും, നിരവധി ട്രെയിനുകൾ വൈകിയോടും
ജനുവരി 7 മുതൽ ഫെബ്രുവരി ആദ്യവാരം വരെ കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിൽ മാറ്റമുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. ഈ കാലയളവിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകൾക്ക് ആരംഭ സ്റ്റേഷനുകളിൽ മാറ്റം വരുത്തുകയും ചെയ്യും. കൂടാതെ പല ട്രെയിനുകളും 40 മുതൽ 50 മിനിറ്റ് വരെ വൈകിയോടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളുടെ പരിധിയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. കൊല്ലം–മച്ച്ലിപട്ടണം സ്പെഷ്യൽ (07104), കൊല്ലം–നരസപൂർ സ്പെഷ്യൽ (07106), തിരുവനന്തപുരം–ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (22633), ഹസ്രത്ത് നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് (12618), മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22638), രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്‌പ്രസ് (16344) എന്നിവ നിശ്ചിത ദിവസങ്ങളിൽ വൈകിയോടാൻ സാധ്യതയുള്ള ട്രെയിനുകളുടെ പട്ടികയിലാണ്.
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകൾ
ആലപ്പുഴ–കണ്ണൂർ എക്സ്‌പ്രസ് (16307): ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.
തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (12081): ഇതേ തീയതികളിൽ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.
കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ (56603): ജനുവരി 21ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് യാത്ര അവസാനിപ്പിക്കും.
നിലമ്പൂർ റോഡ്–കോട്ടയം എക്സ്‌പ്രസ് (16325): ജനുവരി 10, 20, 29 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും.
ആരംഭ സ്റ്റേഷനിൽ മാറ്റമുള്ള ട്രെയിനുകൾ
പാലക്കാട്–നിലമ്പൂർ റോഡ് പാസഞ്ചർ (56607): ജനുവരി 11, 18, 26, 27 തീയതികളിൽ രാവിലെ 6.32ന് ലക്കിടി സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
പാലക്കാട്–എറണാകുളം മെമു (66609): ജനുവരി 26ന് രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
ട്രെയിൻ യാത്രക്കാരോട് യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമവും സ്റ്റേഷൻ വിവരങ്ങളും പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ അഭ്യർഥിച്ചു.