Latest News From Kannur

യുവതിയുടെ വയറ്റിൽ തുണി; വയനാട് ഗവ. മെഡിക്കൽ കോളജിനെതിരേ പരാതി

0

മാനന്തവാടി: 

വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്ന് പ്രസവം നടന്ന് 75 ദിവസങ്ങൾക്കു ശേഷം തുണിയുടെ കഷണം പുറത്തു വന്നു. ചികിത്സിച്ച ഡോക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് മന്ത്രി ഒ.ആർ.കേളുവിനും ജില്ലാ മെഡിക്കൽ ഓഫിസർക്കും ആശുപ്രതി സൂപ്രണ്ടിനും യുവതി പരാതി നൽകി. മാനന്തവാടി എടവക പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി (21)യാണ് സ്ത്രീരോഗ വിഭാഗം ഡോക്‌ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.

കഴിഞ്ഞ ഒക്ടോബർ 20ന് പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവി രാത്രി പത്തോടെയാണ് കുഞ്ഞിനു ജന്മം നൽകിയത്. സുഖപ്രസവം ആയതിനാൽ 23ന് ആശുപ്രതിയിൽനിന്നു വിടുതൽ ചെയ്യുകയും ചെയ്‌തു. ഇതിനു ശേഷം അസഹ്യമായ വേദനയും ദുർഗന്ധവും കാരണം ആശുപത്രിയിൽ എത്തി 2 തവണ ഡോക്ട‌റെ കണ്ടിരുന്നു. കുഴപ്പമൊന്നും ഇല്ലെന്നും നല്ലവണ്ണം വെള്ളം കുടിക്കാത്തതിലുള്ള പ്രശ്നമാണെന്നും പറഞ്ഞു മടക്കി അയച്ചു. ഡിസംബർ 29 നാണ് തുണിയുടെ കഷണം യുവതിയുടെ ശരീരത്തിൽ നിന്ന് പുറത്തേക്കു വന്നത്. ഇത്രയും കാലത്തിനിടയിൽ അസഹ്യമായ വേദനയും മാനസിക പ്രയാസവും ഉണ്ടായിരുന്നതായും യുവതി പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിലിരിക്കേ ലാബിൽ രക്തം പരിശോധിക്കാൻ നൽകിയപ്പോൾ ഒ പോസിറ്റീവ് ഗ്രൂപ്പുകാരിയായ തനിക്ക് ബി പോസിറ്റീവ് റിസൽറ്റാണ് നൽകിയതെന്നും യുവതി പറഞ്ഞു. പരിശോധനയിൽ രക്‌തഗ്രൂപ്പ് മാറിയ പരിശോധനയിൽ രക്തഗ്രൂപ്പ് മാറിയ കാര്യം ഭർത്താവിന്റെ അമ്മ അറിയിച്ചപ്പോൾ വേണമെങ്കിൽ മറ്റൊരിടത്ത് പോയി നോക്കാനാണ് ആവശ്യപ്പെട്ടത്. കൈക്കുഞ്ഞിനെയും എടുത്ത് പുറത്തുള്ള സ്വകാര്യ ലാബിൽ പോയി പരിശോധന നടത്തേണ്ടിവന്നു.

അവിടെ നിന്ന് നൽകിയ ഫലത്തിൽ യഥാർഥ രക്തഗ്രൂപ്പാണ് ഉണ്ടായിരുന്നത്. ചികിത്സ തേടിയത് മുതൽ ആശുപത്രി അധികൃതർ എല്ലാ കാര്യത്തിലും പൂർണ നിസ്സംഗത കാട്ടുകയാണ് ഉണ്ടായത് എന്നും പരാതിയിൽ പറയുന്നു. 2 തവണ വേദനയുമായി പോയപ്പോഴും സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന നടത്താൻ ഡോക്ടർ തയാറായില്ല. തുണിയുടെ കഷണം പുറത്തുവന്ന ശേഷമാണ് സ്‌കാനിങ് നടത്തിയത്. ഇത് ആദ്യമേ ചെയ്തിരുന്നുവെങ്കിൽ അസഹ്യമായ വേദന തനിക്ക് അനുഭവിക്കേണ്ടി വരുമായിരുന്നില്ല.

തന്റെ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യമായാണ് കരുതുന്നത്. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം എന്നുമാണ് ദേവിയുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി ഒ.ആർ.കേളു ചുമതലപ്പെടുത്തിയതായും പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎംഒ ഡോ.ആൻസി മേരി ജേക്കബ് അറിയിച്ചു.

Leave A Reply

Your email address will not be published.