Latest News From Kannur

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; അന്ത്യം പൂനെയിലെ വീട്ടില്‍

0

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നല്‍കിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും.

പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതില്‍ മാധവ് ഗാഡ്ഗില്‍ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളില്‍ നിർണായക സ്വാധീനം ചെലുത്തി. അവഗണിക്കുന്ന വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവരികയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ഗാഡ്ഗിലിൻ്റെ നിലപാടുകള്‍ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയില്‍ പഠിച്ചതിന് ശേഷം ഇന്ത്യയില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസില്‍ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലില്‍ അംഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങള്‍ വലിയ രീതിയില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.