കൊച്ചി: കേരളം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ വകുപ്പുകളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഏഴു മുതല്‍ പത്തു വരെ പ്രതികളെയാണ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റവിമുക്തരാക്കിയത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.
എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് വിചാരണക്കോടതിയില്‍ പരിസമാപ്തി കുറിക്കുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ എന്‍ എസ്, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി. പി. വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. കൂട്ടബലാത്സംഗം തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12 ന് വിധിക്കും.
ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് എന്ന ഗോപാലകൃഷ്ണന്‍, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. അതേസമയം പള്‍സര്‍ സുനി ഐടി ആക്ട് പ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ നിലവില്‍ ജാമ്യത്തിലാണ്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരെ മാത്രമാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുള്ളത്.