മാഹി: പാതിവഴിയിൽ നിലച്ചുപോയ മാഹിയിലെ വൻകിട പദ്ധതികളെല്ലാം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് റീജ്യനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ പറഞ്ഞു.
പുഴയോര നടപ്പാത, തുറമുഖം, ട്രോമ കെയർ ഉൾപ്പടെയുള്ള പദ്ധതികളാണ് പൂർത്തിയാക്കുക.
പുതുചേരി വിമോചന വാർഷിക ദിനാചരണങ്ങളുടെ ഭാഗമായി അഴിമുഖത്തെ ഗവ. ഹൗസ് അങ്കണത്തിൽ നടന്ന മാനവ സൗഹൃദ സംഗമത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലാനുസൃതമായി മാഹിയിലെ പൊലിസ് സേനയെ നവീകരിക്കുമെന്നും, മാഹി മേഖലയിലെ റസിഡൻസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട്; സേനയെ ജനകീയവൽക്കരിക്കുമെന്നും, സൈബർ തട്ടിപ്പുകൾക്കും, മയക്ക്മരുന്ന് ഉപഭോഗങ്ങൾക്കുമെതിരെ ശക്തമായ ബോധവൽക്കരണവും നിയമ നടപടികളും സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ് ഗെ ഐ.പി.എസ്. പറഞ്ഞു.
ചാലക്കര പുരുഷു, പി.പി. വിനോദ്, സോമൻ പന്തക്കൽ സംസാരിച്ചു. പ്രവീൺ പാനിശ്ശേരി സ്വാഗതം പറഞ്ഞു.
ഉത്തമരാജ് മാഹി, കെ.കെ.രാജീവ്, കെ.വി.ഹരീന്ദ്രൻ, പി.ടി.കെ. റഷീദ്, തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രവിവരണം: റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ മുഖ്യഭാഷണം നടത്തുന്നു.