കോഴിക്കോട് : എല്‍ഡിഎഫിന്റെ കൈയില്‍ നിന്ന് തിരിച്ചുപിടിച്ചതിന് പിന്നാലെ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പേരാമ്പ്ര പൊലീസ് ആണ് സംഭവത്തില്‍ എസ് സി/ എസ് ടി വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നല്‍കിയ പരാതിയിലാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയ്ക്കാണ് യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ പി. എം. ഫൈസലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചൂലും ബക്കറ്റില്‍ ചാണകവെള്ളവുമായി ശുദ്ധികലശം നടത്തിയത്. ചങ്ങരോത്ത് പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 2020ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ആകെയുള്ള 19 വാര്‍ഡില്‍ 10 സീറ്റില്‍ എല്‍ഡിഎഫും ഒമ്പത് സീറ്റില്‍ യുഡിഎഫുമാണ് അന്ന് ജയിച്ചത്.
പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായതിനാല്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഉണ്ണി വേങ്ങേരിയാണ് പഞ്ചായത്ത് പ്രസിഡന്റായത്. ദളിത് വ്യക്തി പ്രസിഡന്റായതിലുള്ള അമര്‍ഷമാണ് മുസ്ലീംലീഗ് പ്രവര്‍ത്തകരെ ശുദ്ധികലശം നടത്താന്‍ ഇടയാക്കിയതെന്നാണ് സിപിഎം പറയുന്നത്.