Latest News From Kannur

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസവുമായി ഹൈക്കോടതി: അറസ്റ്റിനുള്ള വിലക്ക് നീട്ടി

0

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി.

ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് അടുത്ത മാസം ഏഴുവരെ കോടതി നീട്ടിയത്. കേസില്‍ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി തീർപ്പാകുന്നതു വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നു വരെ നീട്ടിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്.

പരാതിക്കാരിയുമായി തനിക്ക് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാല്‍, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുല്‍ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

ബംഗളൂരുവിലെ മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നല്‍കിയ അപ്പീല്‍ ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

മറുപടി സമർപ്പിക്കാൻ രാഹുലിന് സമയം അനുവദിച്ചായിരുന്നു ജസ്റ്റിസ് വിജു എബ്രഹാമിന്റെ നടപടി. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതിയിലാണ് രണ്ടാമത്തെ കേസ്.

ബലാത്സംഗ ആരോപണം ഉയർന്നതിനെത്തുടർന്ന് രാഹുലിനെ ആദ്യം കോണ്‍ഗ്രസ് സസ്പെൻഡുചെയ്യിരുന്നു. യുവതി പരാതി നല്‍കിയതോടെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Leave A Reply

Your email address will not be published.