കൊച്ചി : ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്ന് അവസാനിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും കേസ് ഡയറിയും പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാല്‍, ലൈംഗികാതിക്രമത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും രാഹുല്‍ ഇടപെട്ടതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവച്ചത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ മുന്‍ ഉത്തരവ് തുടരാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. മറുപടി നല്‍കാന്‍ സമയം വേണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.