മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ കാറില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് പൊലീസ് സബ് ഇൻസ്‌പെക്ടറെയും കുടുംബത്തെയും കത്തിമുനയില്‍ നിർത്തി കൊള്ളയടിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ ചന്നപട്ടണ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സയ്യിദ് തൻവീർ എന്ന തന്നു (30), ഫൈറോസ് പാഷ (28), തൻവീർ പാഷ (32) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ചേരമ്ബാടി പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇൻസ്‌പെക്ടറായ പി.ജെ. ഷാജിയാണ് പരാതിക്കാരൻ. മൂത്ത മകനെ കൂട്ടിക്കൊണ്ടുവരാനായി ഭാര്യ മെർലിൻ ഷാജിക്കും മറ്റ് രണ്ട് കുട്ടികള്‍ക്കുമൊപ്പം ക്വിഡ് കാറില്‍ ബംഗളൂരിലേക്ക് വന്ന ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
പുലർച്ചെ ഏകദേശം 1.30 ഓടെ ചന്നപട്ടണ ബൈപാസിനടുത്തുള്ള ലംബാനിതാണ്ഡ്യ ഗ്രാമ ജംഗ്ഷനില്‍ എത്തിച്ചേർന്നതായും, അല്‍പസമയം മയങ്ങുന്നതിനായി സർവീസ് റോഡില്‍ കാർ പാർക്ക് ചെയ്തതായും ഷാജി പരാതിയില്‍ പറയുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍, പുലർച്ചെ ഏകദേശം രണ്ടു മണിയോടെ ഒരു ജീപ്പ് സമീപത്ത് നിർത്തി എന്നും, അതിലെ ഡ്രൈവർ മൈസൂരുവിലേക്കുള്ള വഴി ചോദിച്ചതായും ഷാജി പരാതിയില്‍ പറയുന്നു. കൃത്യമായി അറിയില്ലെന്ന് മറുപടി നല്‍കിയതോടെ വാഹനം പോയി.
ഏകദേശം പത്തു മിനിറ്റിനുശേഷം ഗിയറില്ലാത്ത ഒരു സ്കൂട്ടറില്‍ മൂന്ന് പേർ സ്ഥലത്തെത്തിയതായും പരാതിയിലുണ്ട്. യാത്രക്കാരൻ കത്തി വീശി ഭീഷണിപ്പെടുത്തി തന്റെ കഴുത്തില്‍ കിടന്ന സ്വർണ്ണ മാല തട്ടിയെടുത്തതായും, മറ്റുള്ളവർ ഡാഷ്‌ബോർഡില്‍ നിന്ന് 10,000 രൂപയും സീറ്റുകളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും എടുത്തതായും ഷാജി പൊലീസിനെ അറിയിച്ചു.
16 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല, 10,000 രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 1.35 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കുടുംബത്തില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടതായി പരാതിയില്‍ പറയുന്നത്.
കവർച്ചക്കാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഉടൻ തന്നെ ഷാജി പട്രോളിംഗ് പൊലീസിനെ വിവരമറിയിക്കുകയും, അവർ ഉടൻ സഹായത്തിനായി എത്തുകയും ചെയ്തു. ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്നപട്ടണ റൂറല്‍ പൊലീസ് ഐ.പി.സി സെക്ഷൻ 309 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മോഷണം പോയ ഒരു ഫോണ്‍ കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സ്വിച്ച് ഓഫ് ചെയ്തതായും, മറ്റൊന്ന് രാമനഗര വരെ സജീവമായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ‘ഇത് പ്രതികളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാൻ സഹായിച്ചു.
സി.സി.ടി.വി ദൃശ്യങ്ങള്‍ അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും, ഇത് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തു’ – എന്ന് കർണാടക പൊലീസ് അറിയിച്ചു.
അറസ്റ്റിലായ സയ്യിദ് തൻവീർ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചന്നപട്ടണ റൂറല്‍ പൊലീസ് സ്റ്റേഷനിലെ സർക്കിള്‍ ഇൻസ്പെക്ടർ ബി.കെ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ ബി. മനോഹർ, പ്രൊബേഷണറി ഇൻസ്പെക്ടർമാരായ അജയ് ഗൗഡ, പ്രജ്വാള്‍ എന്നിവർ അന്വേഷണത്തില്‍ പങ്കെടുത്തു.