Latest News From Kannur

പ്രഥമ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ആര്‍ട്ടിസ്റ്റ് ഭാഗ്യനാഥിന്.

0

കൊച്ചി :

കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ‘ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’ ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്ക്കാരം ആര്‍ട്ടിസ്റ്റ് ഭാഗ്യനാഥിന്. ദാതാ ഫാല്‍ക്കേ അവാര്‍ഡ് ജേതാവും, ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ ചലചിത്ര താരം മോഹന്‍ലാല്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു. വര്‍ത്തമാനകാലത്ത് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ രേഖാ ചിത്രകാരന്മാരില്‍ ഒരാളാണ് സി. ഭാഗ്യനാഥ്. അദ്ദേഹം സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്ന വ്യക്തിയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ‘ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’ നമ്പൂതിരിയുടെ ശതാബ്ദിയുടെ ഭാഗമായി പ്രഥമ അവാര്‍ഡ് ഒക്ടോബര്‍ 18ന് എറണാകുളം ടി.ഡി.എം ഹാളില്‍ വൈകീട്ട് 5.00 മണിക്ക് നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശില്പവുമാണ് അവാര്‍ഡ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിട്ടോ, സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ അവാര്‍ഡിനായി ആര്‍ട്ടിസ്റ്റുകളെ ശുപാര്‍ശ ചെയ്യാമായിരുന്നു. അപേക്ഷകരില്‍ നിന്ന് ട്രസ്റ്റ് അംഗങ്ങളായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു ജോസഫ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ഡോക്കുമെന്‍ട്രി ഡയറക്ടറായ ബിനുരാജ് കലാപീഠം എന്നിവര്‍ ചേര്‍ന്ന് 10 പേരെ തിരഞ്ഞെടുത്ത് ഫൈനല്‍ ജൂറിക്ക് സമര്‍പ്പിക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. സി. നാരായണന്‍ ചെയര്‍മാനായ ജൂറിയില്‍, കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ രവിശങ്കര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ബാബു ജോസഫ് ജൂറിയിലെ മെമ്പര്‍ സെക്രട്ടറിയായിരുന്നു.

രേഖാ ചിത്രങ്ങളുടെ ലോകത്ത് വ്യത്യസ്തമായ വഴി കണ്ടെത്തിയ വ്യക്തിത്വമാണ് സി. ഭാഗ്യനാഥ്. 27 വര്‍ഷമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യ രചനകള്‍ക്കായി വരയ്ക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, ദേശാഭിമാനി ആഴ്ചപ്പതിപ്പ്, പച്ചക്കുതിര തുടങ്ങിയ മലയാള പ്രസിദ്ധീകരണങ്ങള്‍ക്കായി ചിത്രരചന നടത്തുന്ന അദ്ദേഹം പ്രമുഖരായ എഴുത്തുകാരുടെ കഥകള്‍, നോവലുകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവയ്ക്കായി ചിത്രങ്ങള്‍ വരച്ചു. 24-ലധികം നോവലുകള്‍ക്ക് വേണ്ടി വരച്ചു.നിലവില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന കോര പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന ടി. ഡി. രാമകൃഷ്ണന്‍റെ നോവലിനു വേണ്ടിയാണ് വരയ്ക്കുന്നത്. കൊച്ചി മുസരിസ് ബിനാലെ, ലോകമേ തറവാട് തുടങ്ങി ഇന്ത്യയിലും വിദേശത്തും ഉള്‍പ്പെടെ നിരവധി പ്രദര്‍ശനങ്ങളില്‍ ഭാഗ്യനാഥന്‍റെ രചനകള്‍ ഇടം പിടിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയാണ് ഭാഗ്യനാഥ് . ഇപ്പോൾ കൊച്ചിയിലാണ് താമസം. ചിത്രകലാ അദ്ധ്യാപികയായ ജയന്തിയാണ് ഭാര്യ. മകള്‍ കല്യാണി.

Leave A Reply

Your email address will not be published.