ന്യൂഡൽഹി : സ്വകാര്യവാഹനങ്ങളിൽ അനധികൃതമായ ചുവപ്പ്-നീല ഫ്ലാഷ് ലൈറ്റുകൾ, എൽഇഡി ഡാസ്ലിങ് ലൈറ്റുകൾ, സൈറണുകൾ തുടങ്ങിയവ പാടില്ലെന്നും ഹെൽമെറ്റ് നിർബന്ധമാക്കണമെന്നും സുപ്രീംകോടതി നിർദേശം.
കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും സൂരക്ഷ കാൽനടയാത്രക്കാരുടെയും മുൻനിർത്തിയാണ് കോടതി കർശന നിർദേശങ്ങളിറക്കിയത്. 2023-ൽ രാജ്യത്ത് 35,000 കാൽനടയാത്രക്കാർ വാഹനാ പകടത്തിൽ മരിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്ത 54,000 പേരും അപകടത്തിൽ മരിച്ചു. ഈ സാഹചര്യത്തിൽ ഹെൽമെറ്റ് ധരിക്കണമെന്ന മാനദണ്ഡം കർശനമായി ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു.
സിസിടിവികളിലൂടെയും മറ്റും കർശനമായ നിരീക്ഷണവും ആവശ്യമാണ്. തെറ്റായ ലെയ്നിലൂടെ വാഹനമോടിക്കുന്നത് തടയണം. ഡ്രൈവിങ്ങിൽ അച്ചടക്കം പാലിക്കുന്നത് ഉറപ്പാക്കണം.
രാജ്യത്തെ റോഡപകട മരണങ്ങളുടെ കണക്കുകൾ പരിശോധിച്ചാണ് ഓർത്തോപീഡിക് സർജനായ ഡോ. എസ്.രാജശേഖരന്റെ ഹർജിയിൽ സുപ്രീംകോടതി ഉത്തരവിറക്കിയത്. നിർദേശങ്ങൾ പാലിച്ചുവോ എന്ന് പരിശോധിക്കാനായി കേസ് ഏഴുമാസത്തിനുശേഷം വീണ്ടും പരിഗണിക്കാനും ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.