സ്മൃതി തന്‍ ചിറകിലേറി എന്നും മലയാളി മനസില്‍; ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം
ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന നിത്യസുന്ദരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാഗായകനായിരുന്നു പി. ജയചന്ദ്രന്‍. ഒരു അനുരാഗഗാനം പോലെ ആരും അലിഞ്ഞുപോകുന്നതായിരുന്നു ആ സ്വരം. ഭാവതീവ്രമായ ആ സ്വരമാധുരി സംഗീതനദിയായി തഴുകി, വൈകാരികതയില്‍ മുങ്ങിത്തോര്‍ത്തി ഓരോ മനസിലും ഹര്‍ഷബാഷ്പം വീഴ്ത്തി.
ശ്രുതിശുദ്ധമായ ആ സ്വരം പാലപ്പൂവിലും മലര്‍വാകക്കൊമ്പത്തുമെല്ലാം മലയാളിക്കൊപ്പം പൂനുള്ളാന്‍ കൂടെപ്പോന്നു. കണ്ണില്‍ കാശിത്തുമ്പകളെ കാണിച്ച് അതേ ശബ്ദം നമ്മുടെ കൗമാരങ്ങളെ വിസ്മയിപ്പിച്ചു. ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായിരുന്നു ആ ആലാപനം. പ്രണയവും വിരഹവും ഭക്തിയും താരാട്ടുമെല്ലാം ചന്ദനത്തില്‍ കടഞ്ഞെടുത്ത ആ മോഹനരാഗത്തില്‍ അലിഞ്ഞു. കേട്ടാലും കേട്ടാലും മതിവരാത്ത നിത്യസുന്ദരഗാനങ്ങളായിരുന്നു എല്ലാം. ആറു പതിറ്റാണ്ടോളം മലയാളി ജീവിതത്തില്‍ ഒരു കുളിര്‍കാറ്റുപോലെ നിറഞ്ഞുനിന്നു ആ സ്വരം.
മലയാളം, തമിഴ്ക, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലായി പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന രാസാത്തിയും, കാത്തിരുന്ത്, കാത്തിരുന്ത് കാലങ്ങള്‍ പോകുതെടിയും എങ്ങനെ മറക്കാനാകും? ബാബുരാജ്, എം. എസ്. വിശ്വനാഥന്‍, ജോണ്‍സണ്‍, എം. കെ. അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍, വിദ്യാസാഗര്‍ തുടങ്ങി എത്രയോ മഹാരഥന്മാര്‍ക്കൊപ്പമാണ് ഭാവഗായകന്‍ ഇഴ ചേര്‍ന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്റെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രന്‍ ജീവന്‍ നല്‍കിയത്. 1965 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയില്‍ പി.ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ടു പാടി. ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജന്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ അവസരം നല്‍കി. ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു അത്. ആ പാട്ടാണ് ജയചന്ദ്രന്‍ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രന്‍ ജോലി വിട്ട് സംഗീതരംഗത്തു തുടര്‍ന്നു.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹര്‍ഷബാഷ്പംചൂടി, ഏകാന്ത പഥികന്‍ , ശരദിന്ദു മലര്‍ദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, ഉപാസന ഉപാസനാ, മല്ലികപ്പൂവിന്‍ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയില്‍, നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും, കരിമുകില്‍ കാട്ടിലെ, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, കേവലമര്‍ത്യഭാഷ, പ്രായം തമ്മില്‍ മോഹം നല്‍കി, കല്ലായിക്കടവത്തെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോള്‍, ആരാരും കാണാതെ ആരോമല്‍ തൈമുല്ല,എന്തേ ഇന്നും വന്നീല, തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങള്‍. 2008 ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതത്തില്‍ അല്‍ക യാഗ്‌നിക്കിനൊപ്പം പാടി ഹിന്ദി ഗാനരംഗത്തെത്തി. ജെ സി ഡാനിയേല്‍ പുരസ്‌കാരം, കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഭാവഗായകനെ തേടിയെത്തി.
പൊട്ടിത്തെറിച്ചും പിണങ്ങിയും ചിലപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ പരിഭവിച്ചു. പക്ഷേ മൈക്കിനു മുന്നിലെത്തിയാല്‍ താരാട്ടും പ്രണയവും ഒഴുകി. സ്മൃതി തന്‍ ചിറകിലേറി ഭാവഗായകന്‍ നമുക്കിടയില്‍ തന്നെ ഇന്നും ജീവിക്കുന്നു. നിത്യഹരിതമായ ആ ഗാനങ്ങള്‍ ഗായകനെ അനശ്വരനായി തന്നെ നിലനിര്‍ത്തും.