ന്യൂ മാഹി : ശനിയാഴ്ച വൈകീട്ട് മാഹി ആറ്റക്കൂലോത്ത് സ്വദേശി മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈല്‍ ഫോണും കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു. കൂട്ടുപ്രതിയായ
കണ്ണൂർ സിറ്റി സ്വദേശിയായ ബഷീർ പൊലീസ് പിടികൂടി.
താൻ മദ്യപിക്കാനായി മാഹിയിലെത്തിയപ്പോൾ ഷെയർ ചെയ്യാമെന്ന് പറഞ്ഞ് പരിചയപ്പെട്ടയാളുമായി റെയിൽവെ ട്രാക്കിൽ ഇരുന്നു മദ്യപിക്കുന്നതിനിടെ വഴി പോകുകയായിരുന്ന മുസ്തഫയുടെ ഫോണും പണവും കവർച്ച നടത്തുകയായിരുന്നുവെന്നാണ് ബഷീർ പറയുന്നത്. മരിച്ചയാളുടെ പേരോ വിലാസമോ അറിയില്ലെന്നുമാണ് മൊഴി.
നേരത്തെ സമാനമായ കേസിൽ പ്രതിയായ ബഷീറിനെ
നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ന്യൂമാഹി പെരിങ്ങാടി മമ്മി മുക്കില്‍ വച്ചാണ് സംഭവം.
ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈല്‍ ഫോണും കവർന്ന് രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു. മുസ്തഫ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരവെയാണ് പെരിങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവ് മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിന് സമീപം നിൽക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
മുസ്തഫയുടെ ഫോണും പണവും കവർച്ച നടത്തിയതിൽ മരിച്ചയാൾ പങ്കാളിയാണോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും പരിശോധിച്ചു വരികയാണെന്നും ന്യൂമാഹി എസ്.എച്ച്.ഒ അറിയിച്ചു.