ന്യൂമാഹി : ദേശീയപാത മാഹിപ്പാലം ജങ്‌ഷനിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ന്യൂമാഹി പൊലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടി. ബസുകളുടെ മത്സരയോട്ടം തടയാനും ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും സ്ഥാപിച്ച കേന്ദ്രം മേല്‍ക്കൂരയിലും തറയിലും കാടുകയറി നശിക്കുകയാണ്. 2006ല്‍ കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്. ദീര്‍ഘദൂര ബസ്സുകള്‍ നിര്‍ത്തി ഒപ്പിട്ട് പോകാറാണ് പതിവ്. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിൽ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാരാണുണ്ടായിരുന്നത്. ഇപ്പോൾ ആരുമില്ല. ഏഴ് കിലോമീറ്റര്‍ ദൂരെ മാക്കൂട്ടം- പാറാല്‍ റോഡിലാണ് ന്യൂമാഹി പൊലീസ് സ്‌റ്റേഷനുള്ളത്. ഔട്ട് പോസ്റ്റില്‍ സ്ഥിരംപൊലീസുകാരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യം ശക്തമാണ്.
മാഹി ബസിലിക്കയിൽ തിരുന്നാൾ അടുത്തിരിക്കെ ജില്ലാ അതിർത്തിയിലെ ഒൗട്ട് പോസ്‌റ്റ് ഉപയോഗശൂന്യമായി മാറുന്നതിൽ പ്രദേശവാസികൾക്ക് കടുത്ത പ്രതിഷേധമുണ്ട്. ഒൗട്ട് പോസ്‌റ്റിന് സമീപം സ്ഥാപിച്ച നീരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ദിനംപ്രതി നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നുപോവുന്ന മാഹിപ്പാലത്തിന് സമീപത്തെ ഒൗട്ട് പോസ്‌റ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ അധികൃതരും ജനങ്ങളും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.