സൗദി-പാക് കരാർ; ആക്രമണങ്ങളെ ഒന്നിച്ച് എതിർക്കാനുള്ള നീക്കം; പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ; ഇന്ത്യയെ ലക്ഷ്യം വെച്ചല്ലെന്ന് സൗദി
റിയാദ് : സൗദിയും പാകിസ്ഥാനും തമ്മിൽ ഒപ്പ് വെച്ച തന്ത്രപരമായ പ്രതിരോധ കരാർ പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യസുരക്ഷയ്ക്ക് ഭീഷണി ആകുന്ന വിധത്തിൽ എന്തെങ്കിലും കാര്യം കരാറിലുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. എന്നാൽ കരാർ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ച് അല്ല കരാരിൽ ഒപ്പിട്ടതെന്ന് സൗദിയും പ്രതികരിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പ് വെച്ചത്. ഈ കരാർ പ്രകാരം സൗദിക്കോ പാകിസ്ഥാനോ നേരെയുള്ള ഏത് ആക്രമണവും ഇരു രാജ്യങ്ങൾക്കെതിരെയുള്ള നീക്കമായി കണക്കാക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ആക്രമണങ്ങൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നതായി സംയുക്ത പ്രസ്താവനയിലൂടെ ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു. എന്നാൽ ദീർഘകാലമായുള്ള ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം, സാഹോദര്യം, ഇസ്ലാമിക ഐക്യം, തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് കരാർ നിർമിച്ചതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ കരാറിനെ ഇന്ത്യ സൂഷ്മമായി നീരീക്ഷിച്ചു വരികയാണ്. ഈ കരാറിലൂടെ ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കുമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതേസമയം ഇന്ത്യയെ ലക്ഷ്യം വച്ചുള്ള കരാറാണെന്നുള്ള റിപ്പോർട്ടുകൾ സൗദി അറേബ്യ തള്ളിക്കളഞ്ഞു. കരാർ പ്രത്യേക രാജ്യങ്ങളോടോ പ്രത്യേക സംഭവങ്ങളോടോ ഉള്ള പ്രതികരണമല്ല. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം ഇതുവരെയുള്ളതിനേക്കാൾ ശക്തമാണ്. ഈ ബന്ധം ഞങ്ങൾ വളർത്തിയെടുക്കുന്നത് തുടരുകയും കഴിയുന്ന വിധത്തിൽ പ്രാദേശിക സമാധാനത്തിന് സംഭാവന നൽകാൻ ശ്രമിക്കുകയും ചെയ്യുമെന്ന് സൗദിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.