Latest News From Kannur

എച്ച്1ബി വിസയ്ക്ക് ഫീസ് ഒരുലക്ഷം യുഎസ് ഡോളര്‍; കുടിയേറ്റം തടയാന്‍ ട്രംപ്, ഇന്ത്യന്‍ ടെക്കികള്‍ക്ക് വന്‍തിരിച്ചടി

0

വാഷിങ്ടണ്‍ : താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് ആക്കം കുട്ടിയതിന് പിന്നാലെ യുഎസ് കുടിയേറ്റത്തിലും കടുത്ത നിലപാടുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1ബി വിസയുടെ ഫീസ് കുത്തനെകൂട്ടി. നൂറിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. എച്ച്1ബി വിസയ്ക്ക് ഇനിമുതല്‍ 100000 യുഎസ് ഡോളര്‍ ഫീസ് നല്‍കേണ്ടിവരും. ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, എച്ച്1ബി വിസ അപേക്ഷകരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് കമ്പനികള്‍ നല്‍കേണ്ട ഫീസ് ഇതോടെ 90 ലക്ഷം രൂപയോളം ആയിരിക്കും. അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നത് ഒഴിവാക്കുക എന്നതാണ് നിരക്ക് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കക്കാര്‍ക്ക് അവസരം ഉറപ്പാക്കുന്നതിന് ഒപ്പം കോടിക്കണക്കിന് ഡോളര്‍ സമാഹരിക്കാനും നികുതി കുറയ്ക്കാനും പുതിയ തീരുമാമനം സഹായിക്കുമെന്നും ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വ്യക്തികളെ മാത്രമേ പുതിയ വീസ പദ്ധതി തയ്യാറാക്കുന്നതിലൂടെ യുഎസിന് സ്വീകരിക്കേണ്ടി വരികയുള്ളൂവെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുറ്റ്‌നിക് പദ്ധതിയോട് പ്രതികരിച്ചത്. നിരക്ക് വര്‍ധന ഇന്ത്യന്‍ ടെക്കികള്‍ക്കുള്‍പ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. യുഎസില്‍ എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. എച്ച്1ബി വിസ ഗുണഭോക്താക്കളില്‍ 71 ശതമാനവും ഇന്ത്യയ്ക്കാരാണ്. 11 ശതമാനം ചൈനയിലുമാണ്. യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ടെക് കമ്പനികള്‍ക്കി തിരിച്ചടി നേരിട്ടു. എച്ച്-1ബി വിസ ഉടമകളെ വ്യാപകമായി ആശ്രയിക്കുന്ന ഐടി സേവന കമ്പനിയായ കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സിന്റെ ഓഹരികള്‍ ഏകദേശം 5 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യന്‍ ടെക് കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ യുഎസ് ലിസ്റ്റഡ് ഓഹരികളും തിരിച്ചടി നേരിട്ടു. രണ്ട് മുതല്‍ 5 ശതമാനം വരെ ഇടിവാണ് നേരിട്ടത്.

Leave A Reply

Your email address will not be published.