Latest News From Kannur

‘ജാതി മതവിശ്വാസങ്ങള്‍ക്കപ്പുറം എല്ലാവരും ഒന്നാകുന്ന ഇടം’; അയ്യപ്പസംഗമം ശബരിമല വികസനത്തിന്; ഉദ്ഘാടന വേദിയില്‍ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി

0

ശബരിമല : ശബരിമല തീര്‍ഥാടനം ആയാസ രഹിതമാക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വലിയ തോതില്‍ ഇടപെടല്‍ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു എന്ന് ചോദിക്കുന്നവരോട് മാറുന്ന കാലത്തിനുസരിച്ച് തീര്‍ഥാടക പ്രവാഹം വര്‍ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്ന് ചിന്തിക്കണം എന്നാണ് മറുപടിയെന്ന് പിണറായി പറഞ്ഞു. അയ്യപ്പസംഗമം തടയാന്‍ ചിലര്‍ കോടതിയില്‍ വരെ പോയി എന്നത് ഖേദകരമാണ്. അയ്യപ്പനോടുള്ള ഭക്തിയോ വനപരിപാലനത്തോടുള്ള താത്പര്യമോ, വിശ്വാസപരമായ ശുദ്ധിയോ ഒന്നുമല്ല അവരെ ഇതിന് പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ തത്പരനായിരുന്നെങ്കിലും മറ്റ് അസൗകര്യങ്ങള്‍ കാരണമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ആഗോള അയ്യപ്പസംഗമത്തിന് എത്താതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രമുണ്ട്. അതിന്റെതായ ഐതിഹ്യങ്ങളുമുണ്ട്. അതാവട്ടെ സമൂഹത്തിലെ ഏറ്റവും അധസ്ഥിതരെന്ന് കരുതപ്പെടുന്നവരുമായി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനി ആയിരുന്നു. ഗോത്ര സമൂഹത്തില്‍ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്‍മാര്‍ ആ വഴി വരുന്നത് കാത്തിരുന്ന ആ ശബരിയുടെ പേരിലാണ് ആ സ്ഥലം തന്നെ അറിയപ്പെട്ടത്. അതാണ് ശബരിമലയുടെ ഐതിഹ്യം. ശബരിമല വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ മതാതീതമായ ആത്മീയതയെ ഉദ്‌ഘോഷിക്കുന്ന എല്ലാമനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്. അതുകൊണ്ട് തന്നെ ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തന്‍മാര്‍ ലോകമമെമ്പാടും ഉണ്ട്. അതുകൊണ്ടാണ് അയ്യപ്പസംഗമത്തിന് ആഗോള സ്വഭാവം വരുന്നത്. നേരത്തെ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഭക്തര്‍ എത്തിയതെങ്കില്‍ പിന്നീട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടകരുടെ പ്രവാഹം തന്നെയുണ്ടായി. ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ആളുകളാണ് എത്തുന്നത്. ഭക്തജനസാഗരമാണ് ശബരിമലയില്‍ എത്തുന്നത്. തീര്‍ഥാടനം ആയാസ രഹിതമാക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വലിയ തോതില്‍ ഇടപെടല്‍ ഉണ്ടാവണം. ഈ ബോധ്യത്തോടെയാണ് ദേവസ്വം ബോര്‍ഡ് ഇങ്ങനെ ഒരുപരിപാടി സംഘടിപ്പിച്ചത്. തീര്‍ഥാടകര്‍ക്ക് എന്താണ് വേണ്ടത് അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി സങ്കല്‍പ്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളില്‍ നിന്നുതന്നെ നേരിട്ട് മനസിലാക്കി വേണ്ടത് ചെയ്യുകയാണ് ആവശ്യം. അതിന്കൂടി ഉദ്ദേശിക്കപ്പെട്ടതാണ് ഈ ഭക്തജനസംഗമം. ഇതിനോട് അയ്യപ്പഭക്തന്‍മാര്‍ സര്‍വാത്മനാ സഹകരിക്കുന്നത് സന്തോഷമാണ്.

തീര്‍ത്തും മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടെതായ ആരാധാനലയങ്ങളും അനുബന്ധ രീതികളും പിന്തടുരുമ്പോള്‍ എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമല. തത്വമസിയുടെ പൊരുള്‍ അത് നീ തന്നെയെന്നതാണ്. ഞാനും നീയും ഒന്നാകുന്നു എന്നുപറയുമ്പോല്‍ അന്യരില്ല എന്നാണ് അര്‍ഥം. അന്യരിലേക്ക് കൂടി ഞാനെന്ന സങ്കല്‍പം ചേര്‍ന്ന് നില്‍ക്കുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അത് തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് പാടിയതാകട്ടെ ജന്മം കൊണ്ട് ക്രൈസ്തവനായ യേശുദാസുമാണ്. സന്നിധാനത്തിലേക്കുള്ള യാത്രമധ്യേ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലുടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. ക്രൈസ്തദേവലായ അര്‍ത്തുങ്കല്‍ പള്ളിയിലും യാത്രമധ്യേ അയ്യപ്പഭക്തര്‍ കാണിക്കയിടുന്നു. അങ്ങനെ സര്‍വധര്‍മസമഭാവനയുടെ പ്രതീകമായി നില്‍ക്കുന്ന ദേവാലയം എത്രയെണ്ണമുണ്ട് ലോകത്തില്‍. ശബരിമലയുടെ മതാതീതമായ ആത്മീയത അത്യൂപൂര്‍വതയാണ്. ഇത് ലോകത്തിന് മുന്നില്‍ കൊണ്ടുവരിക പ്രധാനമാണ്. അതിനുതകും വിധം ആഗോള അയ്യപ്പഭക്തരെ ആകര്‍ഷിക്കാന്‍ കഴിയണം. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണം. മധുരയുടെയും തിരുപ്പതിയുടെയു മാതൃകയില്‍ ശബരിമലയെയും തീര്‍ഥാടകഭൂപടത്തില്‍ ശ്രദ്ധേയകേന്ദ്രമാക്കി അവതരിപ്പിക്കുകയെന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.

ലോകത്ത് എവിടെ നിന്നുമുള്ള അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ എത്തിച്ചേരുന്നതിനും ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ വിപുലപ്പെടുത്തണം. അതിനുവേണ്ടത് ബഹുമുഖമായ ഇടപെടലുകളാണ്. നൂതന ഗതാഗത സൗകര്യങ്ങള്‍ ഒരുങ്ങണം. ഭാഷാഭേദമന്യേ അയ്യപ്പഭകതര്‍ക്ക് വിവരം ലഭ്യമാക്കാനും രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ഹെല്‍പ് ഡെസ്‌കുകളും പോര്‍ട്ടലുകളും വേണം. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രദ്ധവെക്കുമ്പോള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ടാകാം. അത് ശബരിമലയുടെ താത്പര്യത്തിനും ഭക്തജനങ്ങളുടെ താത്പര്യത്തിനുമല്ല. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ പിന്‍മാറണമെന്ന വാദം ചിലര്‍ പറയുന്നുണ്ട്. വിശ്വാസികളുടെ കൈയിലായിരുന്നല്ലോ പണ്ട് ക്ഷേത്രം ഉണ്ടായത്. ആരും നോക്കാനില്ലാതെ അതൊക്ക മിക്കവാറും നശിക്കുന്ന നില വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് വേണണെന്ന ആവശ്യം വിശ്വാസി സമൂഹത്തില്‍ നിന്ന് ഉണ്ടായത്. അതോടെ നിരവധി ക്ഷേത്രങ്ങളാണ് ഉദ്ധരിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.