പാനൂർ :
കേരള രാഷ്‌ട്രീയത്തിന്റെ അത്യുന്നതങ്ങളിൽ അരനൂറ്റാണ്ടോളം കാലം ജ്വലിച്ചുനിന്ന സമരനായകനാണ് സഖാവ് കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര–ടൂറിസം മന്ത്രിയുമായിരുന്ന കോടിയേരി നമ്മെവിട്ടുപിരിഞ്ഞിട്ട് ഒക്‌ടോബർ ഒന്നിന് മൂന്ന് വർഷം പൂർത്തിയാവുന്നു. കോടിയേരി ചരമദിനത്തോടനുബന്ധിച്ച് സെപ്‌തംബർ 20ന് ചൊക്ലിയിൽ കോടിയേരി സ്‌മൃതി 2025 ഏക ദിന സെമിനാർ സംഘടിപ്പിക്കുന്നു. സമകാലിക രാഷ്‌ട്രീയ വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്നതാവും ഏകദിന സെമിനാർ. രാവിലെ 10ന് മുതിർന്ന കമ്യുണിസ്‌റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ സെമിനാർ ഉദ്‌ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ കവിയൂർ രാജഗോപാലൻ മാസ്‌റ്റർ അധ്യക്ഷനാവും. സ്‌പീക്കർ എ എൻ ഷംസീർ കോടിയേരി അനുസ്‌മരണ പ്രഭാഷണം നടത്തും. സിപിഐഎം ജില്ലസെക്രട്ടറി കെ കെ രാഗേഷ് സംസാരിക്കും. 11.30ന് ‘ഭരണഘടന: വർത്തമാനവും ഭാവിയും’ എന്ന വിഷയം ലോകസഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി അവതരിപ്പിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ വി പ്രദീപൻ അധ്യക്ഷനാവും. 2 മണിക്ക് ‘വിദ്യാഭ്യാസ രംഗത്തെ സമകാലിക വെല്ലുവിളികൾ’ എന്ന വിഷയം മുൻ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അവതരിപ്പിക്കും. കണ്ണൂർ സയൻസ് പാർക്ക് ഡയരക്‌ടർ ജ്യോതികേളോത്ത് അധ്യക്ഷയാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500പേർ ഇതിനകം സെമിനാറിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. 18വരെ ഓൺലൈനായും സെമിനാർ ദിവസം രാവിലെ 9.30 ന് നേരിട്ടും രജിസ്‌റ്റർ ചെയ്യാം. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും പുരോഗമനകലാസാഹിത്യസംഘം പാനൂർ മേഖലകമ്മിറ്റിയും തലശേരി താലൂക്ക് ലൈബ്രറി കൗൺസിലുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ചൊക്ലിയിൽ നടക്കുന്ന മൂന്നാമത് കോടിയേരി സ്‌മൃതി ഏക ദിന സെമിനാറാണിത്. സെമിനാറിനുള്ള തയാറെടുപ്പ് പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കവിയൂർ രാജഗോപാലൻ മാസ്‌റ്റർ, ജനറൽ കൺവീനർ പി കെ മോഹനൻ മാസ്‌റ്റർ , ഭാരവാഹികളായ ഒ അജിത്ത് കുമാർ, ഡോ ടി കെ മുനീർ, ടി ടി കെ ശശി, സിറോഷ് ലാൽ ദാമോദരൻ, സോഫിയ ടീച്ചർ, ടിപി ഷിജു എന്നിവർ പങ്കെടുത്തു.