ന്യൂഡല്‍ഹി : ഡല്‍ഹിയിലെ തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് തിരുത്തി മൂന്നംഗ ബെഞ്ച്. ഡല്‍ഹിയിലെ മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി കോടതി സ്‌റ്റേ ചെയ്തു. തെരുവുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടണം. അക്രമകാരികളും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതുമായ നായകളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍. വി. അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ചത്. തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കരുത്. അവയ്ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേകം സ്ഥലം ഒരുക്കണം. എബിസി നിയമങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊണ്ടുപോകുന്നതില്‍ നിന്ന് മുനിസിപ്പല്‍ അധികാരികളെ ഒരു വ്യക്തിയോ സംഘടനയോ തടയരുതെന്ന ഓഗസ്റ്റ് 11 ലെ ഉത്തരവിലെ നിര്‍ദ്ദേശം സുപ്രീം കോടതി ആവര്‍ത്തിച്ചു.