ട്രംപിന്റെ തീരുവ പരീക്ഷണങ്ങള്‍ അമേരിക്കയെ വലിയ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടേക്കുമെന്ന് വിവിധ പഠനങ്ങളും റിപ്പോർട്ടുകളും. വ്യാപാരപങ്കാളികളായ മിക്ക രാജ്യത്തിനും ട്രംപ് ഉയർന്നതീരുവ അടിച്ചു നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇതുവരെ അമേരിക്കയില്‍ വിലവർധന കാര്യമായി പ്രകടമായിട്ടില്ല. തീരുവ മുൻകൂട്ടിക്കണ്ട് കമ്ബനികള്‍ ചരക്കുകള്‍ ശേഖരിച്ചതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. ജൂലായില്‍ വിലക്കയറ്റത്തോതിലെ വർധന നാമമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം 0.2 ശതമാനം മാത്രമാണ് പണപ്പെരുപ്പത്തിലെ വർധന. 2025 രണ്ടാം പകുതിയിലാകും തീരുവയുടെ ആഘാതം പ്രതിഫലിച്ചു തുടങ്ങുക.
അമേരിക്കയിലേക്ക് ഉത്പാദനം തിരികെക്കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ കൂട്ടാനും ലക്ഷ്യമിട്ടാണ് ട്രംപ് തീരുവ ഉയർത്തിയിരിക്കുന്നത്. എന്നാല്‍, ഇത് ഏറെ ദുഷ്കരമായിരിക്കുമെന്ന് വിവിധ സർവകലാശാലകളിലെ സാമ്ബത്തികശാസ്ത്ര പ്രൊഫസർമാരും ഗവേഷണ സംവിധാനങ്ങളും വിലയിരുത്തുന്നു. തൊഴിലധിഷ്ഠിത വ്യവസായങ്ങളില്‍ മത്സരക്ഷമത നിലനിർത്താൻ അമേരിക്കയ്ക്ക് കഴിയില്ലെന്നതാണ് ഇതിനു കാരണം. ഉയർന്ന ഇറക്കുമതിത്തീരുവയുടെ ആഘാതം അമേരിക്കൻ ജനങ്ങള്‍തന്നെ നേരിടേണ്ടിവരും. ഉത്പന്നങ്ങളുടെ വില ഉയരുന്നത് ഉപഭോഗം കുറയ്ക്കും. ഇത് തൊഴിലവസരങ്ങളെ പിന്നോട്ടടിക്കാനാണ് സാധ്യത. ക്രിസ്മസിനോടനുബന്ധിച്ചുള്ള വിപണിയിലെ ചലനങ്ങള്‍ ഇക്കാര്യത്തില്‍ കൃത്യമായ ധാരണ നല്‍കും.
യേല്‍ സർവകലാശാലയിലെ ബജറ്റ് ലാബിന്റെ കണക്കുപ്രകാരം ഗാർഹികചെലവില്‍ വർഷം ശരാശരി 2,400 ഡോളറിന്റെ (ഏകദേശം രണ്ടുലക്ഷം ഇന്ത്യൻ രൂപ) വർധനയാണ് പ്രതീക്ഷിക്കുന്നത്. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ച്ചെരിപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവയ്ക്കെല്ലാം വില ഉയരും. വസ്ത്രങ്ങള്‍ക്ക് 37 ശതമാനംവരെ വില വർധനയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഉയർന്ന തീരുവയുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി കുറഞ്ഞ തീരുവയുള്ള ഇടങ്ങളിലേക്ക് മാറ്റിയാല്‍പ്പോലും 20 ശതമാനം വിലവർധന അനിവാര്യമാണെന്ന് കണക്കാക്കുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ മൂന്നുശതമാനവും പുതിയ വാഹനങ്ങള്‍ക്ക് 12 ശതമാനം വരെയും വിലവർധനയാണ് ബജറ്റ് ലാബ് പ്രതീക്ഷിക്കുന്നത്. രാവിലത്തെ കാപ്പിക്കുവരെ അധികവില നല്‍കേണ്ടി വരുമെന്ന് അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ സാമ്ബത്തികശാസ്ത്ര പ്രൊഫസർ റോബർട്ട് ബ്ലെക്കർ പറയുന്നു. അമേരിക്കയിലേക്ക് കാപ്പിയെത്തുന്നത് ബ്രസീലില്‍നിന്നാണ്. ബ്രസീലിന് അമേരിക്ക ചുമത്തിയിരിക്കുന്നത് 50 ശതമാനം തീരുവയാണ്.
അമേരിക്കയുടെ പ്രധാന വ്യാപാരപങ്കാളികളായ ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ എന്നിവയ്ക്ക് 15 ശതമാനമാണ് തീരുവ. കാനഡ, സ്വിറ്റ്സർലൻഡ്, ബ്രസീല്‍, ഇന്ത്യ എന്നിവയ്ക്ക് 35 ശതമാനംമുതല്‍ 50 ശതമാനംവരെയാണ്. രാജ്യങ്ങള്‍ സ്വന്തംനിലയില്‍ കരാറുണ്ടാക്കിയില്ലെങ്കില്‍ ശരാശരിത്തീരുവ 15 മുതല്‍ 20 ശതമാനം വരെയാകും. 2025 ജനുവരിയില്‍ ട്രംപ് അധികാരമേല്‍ക്കുമ്ബോള്‍ ഇത് മൂന്നുശതമാനംമാത്രമായിരുന്നു.
ഈ അധികതീരുവയുടെ ഒരു ഭാഗം ഇറക്കുമതിക്കാരും റീട്ടെയില്‍ കമ്ബനികളും വഹിച്ചാലും വിപണിയില്‍ വിലക്കയറ്റമായി പതിക്കുമെന്ന് സാമ്ബത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു മാന്ദ്യത്തിനുള്ള എല്ലാ സാധ്യതകളും ഉരുണ്ടുകൂടുന്നതായാണ് വിപണിയില്‍നിന്നുള്ള റിപ്പോർട്ടുകള്‍. വാള്‍മാർട്ട്, കോസ്റ്റ്കോപോലുള്ള റീട്ടെയില്‍ കമ്ബനികള്‍ ഗൃഹോപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും ഉപകരണങ്ങളുടെയും കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങളുടെയും വില ഉയർത്തിത്തുടങ്ങിയിട്ടുണ്ട്.
കളിപ്പാട്ടവും കൈവിടും
ചൈനയ്ക്ക് 145 ശതമാനം തീരുവ ചുമത്തിയത് അമേരിക്കയിലെ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളുടെ വിലയെ വരെ സ്വാധീനിക്കും. ചൈനയില്‍നിന്നാണ് അമേരിക്കയിലേക്കുള്ള കളിപ്പാട്ടങ്ങളുടെ 75 ശതമാനം കയറ്റുമതിയും. ഇന്ത്യയുടെ 6,000 കോടി രൂപ വരുന്ന കളിപ്പാട്ട കയറ്റുമതിയുടെ 40 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ്.