തലശ്ശേരി : പഴയ കാല സിനിമാ പട്ടുകൾ അർത്ഥവത്തായിരുന്നൂവെന്നും
പുതിയ കാലത്തെ പാട്ടുകൾ റീൽസിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്നവയാണെന്നും തലശ്ശേരി സബ് കലക്റ്റർ കാർത്തിക് പാണിഗ്രാഹി ഐ.എ.എസ്. പറഞ്ഞു.
മുഹമ്മദ് റാഫി ഫൗണ്ടേഷൻ തലശ്ശേരി സംഘടിപ്പിച്ച ‘എക്കോസ് നൊസ്റ്റാൾജിയ’ സീസൺ ത്രീ സായാഹ്ന സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൻ്റെ പിതാവ് വലിയ ഗാനാസ്വാദകനായിരുന്നെങ്കിലും കുട്ടിക്കാലത്ത് താൻ പഴയ പാട്ടുകളെ അത്ര ശ്രദ്ധിച്ചിരുന്നില്ലന്നും
മുതിർന്നപ്പോൾ ഔദ്യോഗിക ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നു മനസ്സിനു സുഖം നല്കാൻ അർഥവത്തായ പഴയ പാട്ടുകൾക്ക് കഴിയുമെന്ന് താൻ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞപ്പോൾ തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ മുനിസിപ്പൽ ടൗൺ ഹാളിൽ നിങ്ങിക്കൂടിയ സംഗീതപ്രേമികൾ ഹർഷാരവങ്ങളോടെ ആ വാക്കുകൾ ശ്രവിച്ചു.
തലശ്ശേരി പോലൊരു സ്ഥലത്ത് പഴയ ഹിന്ദി ഗാനങ്ങൾ ആളുകൾ കേൾക്കുമെന്നോ ആസ്വദിക്കുമെന്നോ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും നിറഞ്ഞ സദസ്സ് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
പ്രസിഡൻറ് എ.കെ.സക്കരിയ ജനറൽ സെക്രട്ടറി ആര്യ അസ്ലം
ട്രഷറർ അഫ്സൽ ആദ്യരാജ എന്നിവരുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥിയെ സ്വീകരിച്ചു. സംഘാടക മികവിന് പ ജോയൻ്റ് സെക്രട്ടറി മെഹബൂബ് പാച്ചൻ, എൻജിനീയർ അനീഷ് , ഫസീഷ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ എൻജിനീയർ സലീം എന്നിവരെ സബ്കലക്റ്റർ കാർത്തിക് പാണിഗ്രാഹി ഐ.എ.എസ്. പ്രത്യേക ഉപഹാരം കൈമാറി ചടങ്ങിൽ ആദരിച്ചു.
മുഹമ്മദ് റഫി സാഹിബിൻ്റെ നാല്പത്തിയഞ്ചാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗൃഹാതുരതയുടെ പ്രതിധ്വനി സംഗീത സന്ധ്യയിൽ പ്രസന്ന റാവു ഭോപ്പാൽ, നാസിർ അലി തൃശൂർ, നമൃത മുംബായ്, സന്തോഷ് കോഴിക്കോട് എന്നിവർ യഥാക്രമം മുഹമ്മദ് റഫിയുടെയും കിഷോർ കുമാറിൻ്റെയും ലതാമങ്കേഷ്ക്കറിൻ്റെയും മുകേഷിൻ്റെയും മധുര മനോജ്ഞ ഗാനങ്ങൾ ഹൃദ്യമായി പാടി ആസ്വാദകമനം കവർന്നു.
സുഷാന്ത് കോഴിക്കാടിൻ്റെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രാ ടീം ഗാനങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കി.
റേഡിയോ ജോക്കി അതുല മുസ്തഫ അവതാരകയായി.