മലയാളത്തിന്റെ സ്വന്തം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 84-ാം പിറന്നാൾ. ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന്‍റെ മേൽവിലാസമായി മാറിയ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അന്തര്‍ദേശീയ തലങ്ങളിലേക്ക് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ പ്രതിഭാധനനായ സംവിധായകന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാ ലോകം.
സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ അദ്ദേഹം മലയാള സിനിമാ ലോകത്തു നിന്നും ആഗോള പ്രശസ്തി നേടിയ പ്രതിഭയാണ്. നാടകത്തിൽ നിന്ന് അദ്ദേഹം 1962 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാനെത്തി. 1965 മുതൽ ഷോർട്ട് ഫിക്ഷനുകളും ഡോക്യുമെന്‍ററികളും അദ്ദേഹം ഒരുക്കി തുടങ്ങി. 1972-ൽ ആദ്യ സിനിമയായ സ്വയംവരം സംവിധാനം ചെയ്തു.
മികച്ച സിനിമയ്ക്കും മികച്ച സംവിധായകനും മികച്ച നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിന് ലഭിക്കുകയുണ്ടായി. പിന്നീട് കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, നാല് പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങി ഒട്ടേറെ സിനിമകൾ.
മറക്കാവാനാവാത്ത ഒരുപിടി അമൂല്യ സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന്‍റെ പ്രതിഭയെ തേടിയെത്തുകയുണ്ടായി. ഒട്ടനവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്‍റെ സിനിമകളെത്തിയിട്ടുണ്ട്.
മോസ്കോ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, വെനീസ്, സിംഗപ്പൂര്‍, റോട്ടർഡാം മേളകളിലും അംഗീകാരം നേടുകയുണ്ടായി. 1984-ൽ പദ്മശ്രീയും 2006-ൽ പദ്മവിഭൂഷണും 2004-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ചു. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമാണ സഹകരണ സംഘമായ ചിത്രലേഖ അടൂർ മുൻകൈ എടുത്ത് രൂപീകരിച്ചതാണ്.