Latest News From Kannur

ജില്ല ജയിലില്‍ ആക്രമണം; നാലു പ്രതികളെ മാറ്റിപ്പാര്‍പ്പിച്ചു

0

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ല ജയിലില്‍ റിമാൻഡ് പ്രതികള്‍ ഉദ്യോഗസ്ഥരെ മർദിക്കുകയും പാത്രങ്ങള്‍ എറിഞ്ഞുടച്ച്‌ നശിപ്പിക്കുകയും ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആക്രമണം നടത്തിയ നാലു പ്രതികളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജയിലധികൃതരുടെ പരാതിയില്‍ ഇവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. രണ്ടാഴ്ച മുമ്പ് രാത്രി കാഞ്ഞങ്ങാട് നഗരത്തില്‍ പൂച്ചക്കാട് സ്വദേശി താജുദ്ദീനെയും അന്തർ സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച്‌ പരിക്കേല്‍പിച്ച കേസില്‍ റിമാൻഡില്‍ കഴിയുന്ന മുഹമ്മദ് ആഷിഖ്, റംഷീദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മിർസാൻ എന്നിവർക്കെതിരെയാണ് കേസ്. ജയില്‍ ഓഫിസർ വി.ആർ. രതീഷിന്റെ പരാതിയിലാണ് കേസെടുത്തത്. രതീഷിനെയും മറ്റൊരു ജയില്‍ ഓഫിസർ ജയകുമാറിനെയുമാണ് പ്രതികള്‍ ജയിലില്‍ മർദിച്ചത്. 15നു രാവിലെ 10.30നാണ് സംഭവം. രണ്ടു പ്രതികള്‍ തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ച്‌ പരിക്കേല്‍പിക്കുകയും പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് നാലു പേരും ചേർന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. ബഹളമുണ്ടാക്കിയതിനും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ഇവർ ജയിലില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എറിഞ്ഞ് നശിപ്പിച്ചു. 3000 രൂപയുടെ നഷ്ടമുണ്ട്.

പ്രതികളില്‍ ചിലർ കാപ്പ അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് അധികൃതർ പറഞ്ഞു. ജയിലിലെ ആക്രമണത്തിനു പിന്നാലെ നാലു പ്രതികളെയും വെള്ളിയാഴ്ച വിവിധ ജയിലുകളിലേക്ക് മാറ്റി. ആഷിഖിനെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്കും ഷഫീഖിനെ കണ്ണൂർ ജില്ല ജയിലിലേക്കും റംഷീദിനെ സ്പെഷല്‍ ജയില്‍ കണ്ണൂരിലേക്കും മാറ്റി. മിർസാനെ കോഴിക്കോട് ജില്ല ജയിലിലേക്കാണ് മാറ്റിയത്.

Leave A Reply

Your email address will not be published.