Latest News From Kannur

കർണാടക ബൽഗാം മെഡിക്കൽ കോളേജിലെ തലശ്ശേരിക്കാരൻ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

0

തലശ്ശേരി : കർണാടക ബൽഗാം ബി. ഐ.എം.എസ്. മെഡിക്കൽ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ ദിവസങ്ങളായി കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കുടക് സോമവാർ പേട്ടയിൽ ബേയ്ക്കറി ഉടമയായ വടകര വില്യാപ്പള്ളിയിലെ വി.കെ.ശശിയുടെയും തലശ്ശേരി ചൊക്ലിയിലെ ചിത്രാ നിവാസിൽ ഷജി പാലക്കണ്ടിയുടെയും മകൻ അലൻ കൃഷ്‌ണ (19) യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ വിഷു അവധിക്ക് നാട്ടിൽ വന്ന അലൻ 21 ന് തിരിച്ചു പോയിരുന്നു. ഇതിൽ പിന്നീട് 23 വരെ വീട്ടിൽ നിന്നും വിളിച്ചപ്പോഴെല്ലാം പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (ഏപ്രിൽ 24 ) മുതൽ അലൻ്റെ ഫോൺ സ്വിച്ച് ഓഫാണ്. 24 ന് രാവിലെ കോളേജ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി അലൻ ഓട്ടോയിൽ റെയിൽവെ സ്റ്റേഷനിലേക്ക് പോവുന്നതും റെയിൽവെ സ്റ്റേഷനിലെ ഇൻഫർമേഷൻ കൌണ്ടറിലെത്തി എന്തോ അന്വേഷിക്കുന്നതും സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. എന്നാൽ അവിടെ നിന്നും ഏതെങ്കിലും ട്രെയിനുകളിൽ കയറി പോയതായി ദൃശ്യങ്ങളില്ല. നാട്ടിൽ നിന്നും വീട്ടുകാർ കോളേജിലും ഹോസ്റ്റലിലും പോയി അന്വേഷിച്ചിരുന്നു. പ്രത്യേകിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. ഗോവയിൽ പോവണമെന്ന് കൂട്ടുകാരോട് പറഞ്ഞതായി സൂചനയുണ്ട്. ഹോസ്റ്റൽ മുറിയിൽ അലൻ ഉപയോഗിക്കുന്ന അളമാരയിൽ വസ്ത്രങ്ങളുടെ അടിയിൽ സൂക്ഷിച്ച നിലയിൽ ഫോണും എ.ടി.എം. കാർഡും. ആധാർ കാർഡും കണ്ടെത്തിയിരുന്നു. ബൽഗാം പൊലീസിലും നാട്ടിൽ വടകര പോലീസിലും പരാതി നൽകിയെങ്കിലും ഇതേവരെ വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് അലൻ്റെ മാതൃസഹോദരിമാരായ ഷൈനയും ഷിജിയും മാധ്യമ പ്രവർത്തകരെ അറിയിച്ചു.

Leave A Reply

Your email address will not be published.