വടകര : തൃശ്ശൂരില്‍ ജോലി ചെയ്യുന്ന ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് വടകര സ്വദേശി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സൗന്ദര്യ പിണക്കത്തിലായ ഭാര്യയെ ഭയപ്പെടുത്താൻ ആത്മഹത്യ ശ്രമത്തിൻ്റെ ദൃശ്യം കാണിക്കുന്നതിനിടയില്‍ യുവാവ് കയറി നിന്ന കസേര തെന്നി പോയതാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍.ചോറോട് കാർത്തികയില്‍ ബിജില്‍ ശ്രീധർ (42) മരിച്ചത് . ഇന്ന് രാവിലെ ഇൻക്വിസ്റ് നടപടികള്‍ക്ക് ശേഷം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടം നടത്തു. ഉച്ചയോടെ ചോറോട്ടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
വ്യാഴാഴ്ച്ച വൈകീട്ട് 5.40 യോടെയാണ് തൃശ്ശൂരില്‍ ജോലി ചെയ്യുന്ന ഭാര്യ നിമ്മിയെ വീഡിയോ കോള്‍ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ ബിജില്‍ വീടിന്റെ മുകളിലെ നിലയിലെ ഇരുമ്പ് പൈപ്പില്‍ കെട്ടി തൂങ്ങുന്നതായി കാണിച്ചത്. ഭർത്താവ് വിളിച്ച വിവരം നിമ്മി ബന്ധുക്കളെ അറിയിച്ചതിനു പിന്നാലെ വീട്ടിലേക്ക് എത്തിയ അമ്മാവനും നാട്ടുകാരും കണ്ടത് ബിജില്‍ തൂങ്ങിയ നിലയിലാണ്. തുടർന്ന് കെട്ടറുത്ത് ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നും ബിജിലിൻ്റെ ബന്ധു പ്രദീപ് കുമാർ വടകര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീടിന്റെ മുകളിലെ നിലയിലുള്ള വർക്ക് ഏരിയയുടെ ഷീറ്റ് ഇട്ട ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയർ കുരുക്കി കസേരയില്‍ കയറി നിന്ന നിലയിലാണ് ഭാര്യ കണ്ടത്.
കസേരയുടെ അടിവശത്ത് വെള്ളമുണ്ടായിരുന്നു. കുറച്ചു ദിവസമായി ചെറിയ പിണക്കത്തിലായ ഭാര്യയെ പേടിപ്പിക്കാൻ ഇങ്ങനെ ചെയ്തപ്പോള്‍ കസേര വെള്ളത്തില്‍ തെന്നി പോയതാകാമെന്നാണ് കരുതുന്നത്. ബിജില്‍ ശ്രീധർ നല്ല ഭാരമുള്ള ആളാണ്.
ഇന്നലെ വൈകിട്ട് വരെ മകളോടൊപ്പം ചോറോട്ടെ തട്ടുകടയില്‍ പോയിരുന്നു. അമ്മയ്ക്കും മകള്‍ക്കും ഭക്ഷണം വാങ്ങി വീട്ടില്‍ വന്നതായിരുന്നു ബിജില്‍.
വൃക്ക രോഗിയായ അമ്മ രാധികയെ ഒന്നിടവിട്ട ദിവസങ്ങളില്‍ വടകരയില്‍ തൻ്റെ ഓട്ടോറിക്ഷയില്‍ കൊണ്ടു പോകുന്ന ബിജിലിന് വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് സുഹൃത്തുക്കളും പറയുന്നു.
സംഭവത്തില്‍ വടകര പൊലീസില്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എരഞ്ഞോളി മീത്തല്‍ കാർത്തിക വീട്ടില്‍ പരേതനായ ശ്രീധരൻ്റെയും രാധികയുടെയും മകനാണ്. ഭാര്യ: നിമ്മി ( കുന്നംകുളം), മകള്‍ : രുദ്ര. സഹോദരി :അനുഷ്യ