പാര്‍ലമെന്റാണ് പരമോന്നത സ്ഥാപനം, അതിനു മുകളില്‍ ആരുമില്ല; ജുഡീഷ്യറിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടനപ്രകാരം ഏറ്റവും ഉന്നതമായ സ്ഥാപനം പാര്‍ലമെന്റാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഇതിന് മുകളില്‍ ഒരു സ്ഥാപനവും ഇല്ലെന്ന്, സുപ്രീംകോടതിക്കെതിരായ വിമര്‍ശനം പരോക്ഷമായി ആവര്‍ത്തിച്ച് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ സംബന്ധിച്ച് ഉത്തരവാദിത്തമുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഡല്‍ഹി യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജഗ്ദീപ് ധന്‍കര്‍. ഭരണഘടനാ ചുമതല വഹിക്കുന്നവര്‍ സംസാരിക്കുന്ന ഓരോ വാക്കും രാജ്യത്തിന്റെ പരമോന്നത താല്‍പ്പര്യത്താല്‍ നയിക്കപ്പെടുന്നു. ഭരണഘടന ജനങ്ങള്‍ക്കുള്ളതാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ജനപ്രതിനിധികളാണ് ഭരണഘടനയുടെ സംരക്ഷകരെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
1975ല്‍ അന്നത്തെ പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഇടപെടാന്‍ സുപ്രീംകോടതി തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍, അതിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഭരണഘടനയുടെ ആമുഖം സംബന്ധിച്ചും വ്യത്യസ്തമായ വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ഗോരക്‌നാഥ് കേസില്‍ ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ കേശവാനന്ദഭാരതി കേസില്‍ ഭരണഘടനയുടെ ഭാഗമാണ് ആമുഖമെന്നാണ് കോടതി പ്രസ്താവിച്ചത് എന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ കടുത്ത വിമര്‍ശനമാണ് ഉപരാഷ്ട്രപതി ഉയര്‍ത്തിയത്. ജഡ്ജിമാര്‍ സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.