ബെംഗളൂരു : കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായി പൊലീസ്. വഴക്കിനിടെ ഭാര്യ ഓം പ്രകാശിന് നേരെ മുളകുപൊടി എറിഞ്ഞു. അതിന് ശേഷം കെട്ടിയിടുകയും കുപ്പി കൊണ്ട് ആക്രമിച്ചുവെന്നുമാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
കൊലപാതകത്തിന് ശേഷം വിരമിച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയോടാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം ആദ്യം പറയുന്നത്. ഇവരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. വീഡിയോ കോളില്‍ ആ രാക്ഷസനെ കൊന്നുവെന്ന് പല്ലവി പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഭാര്യ പല്ലവിയേയും മകളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 12 മണിക്കൂറോളമായി ഇരുവരേയും ചോദ്യം ചെയ്യുകയാണ്. പല്ലവിക്ക് സ്‌കീസോഫ്രീനിയ ഉണ്ടായിരുന്നുവെന്നും ഇതിന് മരുന്ന് കഴിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെതിരെ പരാതി സ്വീകരിക്കാത്തതിനാല്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ സമരം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
ഓം പ്രകാശിന്റെ വയറിലും നെഞ്ചിലും ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. ബന്ധുവിന് കൈമാറിയ സ്വത്തിനെച്ചൊല്ലി ഓം പ്രകാശും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഈ തര്‍ക്കം വഷളാവുകയും കയ്യാങ്കളിയിലേയ്ക്ക് നീളുകയും ചെയ്തു. അതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തില്‍ മകള്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓം പ്രകാശിന്റെ മകന്റെ പരാതിയിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
1981 ബാച്ച് ഐപിസ് ഓഫീസറാണ് ഓം പ്രകാശ്. 2015 മാര്‍ച്ചിലാണ് ഓം പ്രകാശ് കര്‍ണാടക ഡിജിപിയായി ചുമതലയേറ്റത്. അതിന് മുമ്പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസിന്റെയും ഹോം ഗാര്‍ഡ്‌സിന്റെയും ചുമതല വഹിച്ചിരുന്നു. ഓം പ്രകാശ് നല്ല ഉദ്യോഗസ്ഥനും മനുഷ്യനുമായിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. 2015 ല്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ്. അന്വേഷണത്തില്‍ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.