മാഹി : തീവണ്ടിയിലെത്തി ഇ-സ്കൂട്ടർ വാടകയ്ക്കെടുത്ത് കറങ്ങാൻ റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യമൊരുങ്ങുന്നു. കാസർകോട് മുതൽ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളിൽ റെയിൽവേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകും.
ഇതിനായി മംഗളൂരുവിൽ കരാർ നൽകി.
കോഴിക്കോട് ഉൾപ്പെടെ വലിയ സ്റ്റേഷനുകൾക്കുപുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂർ-ദിവസ വാടകയ്ക്കാണ് വാഹനം നൽകുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയിൽവേ നൽകും. വാടക തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല. കരാറുകാരാണ് സംരംഭം ഒരുക്കണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാർകാർഡ്, ലൈസൻസുൾപ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനിൽ എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെ വലിയ സ്റ്റേഷനുകളിൽ ബൈക്ക് വാടകയ്ക്ക് നൽകുന്നുണ്ട് (റെൻ്റ് എ ബൈക്ക്).
ഇ-സ്‌കൂട്ടറുകൾ വരുന്ന സ്റ്റേഷനുകൾ : പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്ബൂർ, കോഴിക്കോട്, തിരൂർ, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു ജങ്ഷൻ.