Latest News From Kannur

പത്ത് വര്‍ഷം, രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ 193 ഇ ഡി കേസുകള്‍; ശിക്ഷ രണ്ടെണ്ണത്തില്‍ മാത്രം

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തത് 193 കേസുകളെന്ന് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ ഇഡി കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ ഇക്കാലയളവില്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് പേര്‍ മാത്രമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാ എംപി എ.എ റഹീമിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് കണക്കുകള്‍ പങ്കുവച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ സര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുന്നു എന്ന ആക്ഷേപം നിരന്തരം ഉയരുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

രാജ്യത്ത് എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് എതിരെ പത്ത് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത ഇഡി കേസുകളുടെ കണക്കുകളാണ് എ. എ. റഹീം ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് കേന്ദ്ര മന്ത്രി 2015 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പങ്കുവച്ചത്. 32 കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്ത 2022-23 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019-20, 2016-17 കാലങ്ങളില്‍ ഓരോ കേസുകളില്‍ ശിക്ഷ വിധിച്ചതായും കണക്കുകള്‍ പറയുന്നു. എന്നാല്‍ പത്ത് വര്‍ഷത്തിനിടെ ഒരു കേസിലും ആരെയും കുറ്റവിമുക്തരാക്കിയിട്ടില്ല.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്ക് RajyaSabha
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ ഡി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോ എന്നും, അങ്ങനെയാണെങ്കില്‍, ഈ പ്രവണതയ്ക്കുള്ള ന്യായീകരണം എന്തെന്നുമുള്ള എ. എ. റഹീം എംപിയുടെ ചോദ്യത്തിന് അത്തരം വിവരങ്ങള്‍ ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

2019-24 കാലഘട്ടത്തില്‍ വിവിധ സംഭവങ്ങളിലായി 911 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തതായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 654 കേസുകളില്‍ വിചാരണ പുരോഗമിക്കുകയാണെന്നും 42 കേസുകളില്‍ ശിക്ഷ വിധിച്ചെന്നുമായിരുന്നു കേന്ദ്രം 2024 ല്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. ഇക്കാര്യം പരിശോധിച്ചാല്‍ ഇഡി കേസുകളിലെ ശിക്ഷ വിധിക്കപ്പെട്ടത് 6.42 ശതമാനം കേസുകളില്‍ മാത്രമാണ്.

വിശ്വസനീയമായ തെളിവുകള്‍ അടിസ്ഥാനത്തിലാണ് ഇ.ഡി കേസുകള്‍ ഏറ്റെടുക്കുന്നതെന്നും രാഷ്ട്രീയം, മതം തുടങ്ങിയ ഒന്നും ഇതില്‍ അടിസ്ഥാനമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇ ഡി അന്വേഷണങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പരിഷ്‌കാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന എ.എ. റഹീമിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇഡി നടപടികള്‍ കോടതികളില്‍ ചോദ്യം ചെയ്യാവുന്ന സാഹചര്യം ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

 

Leave A Reply

Your email address will not be published.