മാഹിയിൽ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക രക്ഷാകർതൃ സമിതി പ്രവർത്തനം നിരോധിക്കുന്ന റീജ്യണൽ അഡ്മിനിസ്ട്രറ്ററുടെ ഉത്തരവ് പിൻവലിക്കുക!
മാഹി : മാഹിയിൽ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക രക്ഷാകർതൃ സമിതി പ്രവർത്തനം നിരോധിക്കുന്ന റീജ്യണൽ അഡ്മിനിസ്ട്രറ്ററുടെ ഉത്തരവ് പിൻവലിക്കുക!
മാഹിയിലെ സർക്കാർ സ്കൂളുകളിലെ പി.ടി.എ പ്രവർത്തനം ഇല്ലാതാക്കുന്ന റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക രക്ഷാകർതൃ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ വിലയിരുത്താത്ത ഒരു തെറ്റായ നടപടിയാണ്.
മാഹിയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും രൂക്ഷമായ അധ്യാപക ക്ഷാമം നിലനിന്ന സമയത്ത് വിദ്യാഭ്യാസ വകുപ്പിൻ്റെയും മാഹി അഡ്മിനിസ്ട്രേഷൻ്റെയും ഇടപെടൽ സമയത്തിനുണ്ടാകാതെ വന്നപ്പോൾ ഓരോ വിദ്യാലയത്തിലും താല്ക്കാലികമായി പിടിഎ ഫണ്ട് ഉപയോഗിച്ച് അധ്യാപകരെ നിയമിച്ച് വിദ്യാർഥികളുടെ പഠനം താളം തെറ്റാതെ കാത്തത് അധ്യാപക രക്ഷാകർതൃ സമിതികളാണ്. നിർഭാഗ്യമെന്നു പറയട്ടെ ആ അവസ്ഥ ഇപ്പോഴും തടരുകയാണ്.
ബാലകലാമേളകളും സ്കൂൾ വാർഷികങ്ങളും ഭംഗിയായി സംഘടിപ്പിക്കുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെ തേതൃത്വത്തിലാണ്.
ലഹരി എന്ന മഹാ വിപത്ത് കുട്ടികളെ തേടി വരുന്ന ഈ കാലഘട്ടത്തിൽ കേരളം പോലെ അയൽ സംസ്ഥാനങ്ങൾ പി.ടി.എ കൂട്ടായ്മ ശക്തിപ്പെടുത്തി മയക്കു മരുന്നിനെതിരെ പോരാടുമ്പോൾ മാഹിയിൽ ഈ സംവിധാനം എങ്ങിനെ ഇല്ലാതാക്കാം എന്ന ഗവേഷണം നടത്തുകയാണ് അധികാരികൾ എന്നു പറയേണ്ടിയിരിക്കുന്നു.
പൊതുവിദ്യലായങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും മക്കളെ സർക്കാർ സ്കൂളിൽ ചേർത്ത് പഠിപ്പിക്കണം എന്ന ഓർഡർ ആണ് ഇറക്കേണ്ടത്. അല്ലാതെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുന്ന അധ്യാപക രക്ഷാകർതൃ സംഘടനയെ (PTA ) നിരോധിക്കുന്ന ഓർഡർ അല്ല ഇടേണ്ടത്.
സർക്കാർ നൽകുന്ന ട്യൂഷൻ ഫീസും വാങ്ങി സ്വകാര്യ സ്കൂളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളെ ചേർത്ത് സ്വകാര്യ സ്കൂളുകൾ വളർത്തി കുട്ടികൾ ഇല്ല എന്ന പേര് പറഞ്ഞു സർക്കാർ സ്കൂളുകളെ ഒന്നൊന്നായി ഇല്ലാതാക്കി സ്വകാര്യ വിദ്യാലയങ്ങൾക്ക് മയ്യഴി വിദ്യാഭ്യാസ മേഖല തീറെഴുതി കൊടുക്കുന്ന അധികാരികളുടെ നടപടി ഉടൻ അവസാനിപ്പിക്കുക.
പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുക, പൊതു വിദ്യാഭ്യാസം തകർക്കുന്ന ഇത്തരം പ്രവർത്തനവുമായി ഉദ്യാഗസ്ഥ മേധാവികൾ മുന്നോട്ടു പോകുകയാണെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി ജോ. പി.ടി.എ തെരുവിലിറങ്ങുമെന്ന് പ്രസിഡണ്ട് സന്ദീവ് കെ. വി., ജനറൽ സെക്രട്ടറി അനിൽ സി.പി എന്നിവർ പത്രകുറിപ്പിൽ ഈ അവസരത്തിൽ മുന്നറിയിപ്പ് നൽകുകയാണ്.