ന്യൂമാഹി പഞ്ചായത്ത് ബജറ്റ് വികസന കാഴ്ചപ്പാടില്ലാത്തത് : യു ഡി എഫ്.
ബജറ്റ് വികസനവിരുദ്ധം; പ്രതിഷേധം: യു ഡി എഫ്
ന്യൂ മാഹി:
ന്യൂമാഹി പഞ്ചായത്തിൽ അവതരിപ്പിച്ച 2025 – 2026 സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്തിൻ്റെ വികസനത്തിന് വേണ്ടി പുരോഗമനപരമായ കാഴ്ചപ്പാടില്ലാത്തതും പഞ്ചായത്തിൻ്റെ വികസനം താറുമാറാക്കുന്നതാണെന്നും യു ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി. കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും വിവിധ പദ്ധതികൾ ആവർത്തിക്കുന്നുവെന്നതല്ലാതെ ഈ മേഖലകളുടെ വികസനം വഴി പഞ്ചായത്തിൻ്റെ പൊതു വികസനം സാധ്യമാക്കുന്ന രൂപത്തിലുള്ള പദ്ധതികളൊന്നും തന്നെ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. പഞ്ചായത്തിൻ്റെ ഹൃദയ ഭാഗമായ ന്യൂമാഹി ടൗണിൻ്റെ വികസനത്തിന് വേണ്ടി ഒന്നും സൂചിപ്പിക്കാത്ത ബജറ്റ് ടൗണിലെ മത്സ്യ മാർക്കറ്റ് പൊളിച്ച് നീക്കുമെന്നാണ് പറയുന്നത്. മാർക്കറ്റ് എവിടെ പുനസ്ഥാപിക്കുമെന്നതിനെ കുറിച്ചും യാതൊരു പരാമർശവുമില്ല. പൊട്ടിപ്പൊളിഞ്ഞ പ്രധാന റോഡുകളുടെ റീ ടാറിംഗും ബജറ്റിൽ പരാമർശിച്ചിട്ടില്ല. നിർധനരുടെ ഭവന സ്വപ്നം പൂർത്തിയാക്കാനുള്ള പദ്ധതിയും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ല. ജനങ്ങൾക്ക് നിരാശ നൽകുന്ന ബജറ്റ് അവതരണത്തിലൂടെ ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്തതെന്ന് യു ഡി എഫ് ന്യൂമാഹി പഞ്ചായത്ത് കൗൺസിൽ പാർട്ടി ആരോപിച്ചു. അസ്ലം ടി.എച്ച്, ശഹദിയ മധുരിമ, ഫാത്തിമ കുഞ്ഞി തയ്യിൽ എന്നിവർ പ്രസംഗിച്ചു.