ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 252 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 83 പന്തില്‍ 76 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ റണ്‍ ചേസിങ് എളുപ്പമാക്കിയത്.
ഓപണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19ാം ഓവറില്‍ ഗില്‍ പുറത്തായി. ഗില്‍ 50 പന്തില്‍ 31 റണ്‍സ് നേടി. ഒരു റണ്‍സ് കൂടി നേടിയപ്പോള്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായി. വിരാട് കോഹ്‌ലി രണ്ടാം പന്തില്‍ ഒരു റണ്‍സുമായി മടങ്ങി.
രോഹിത് ശര്‍മയും ശ്രേയസ് അയ്യരും പിന്നീട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറുകളും നേടി രോഹിത് ഏറെക്കാലത്തിന് ശേഷം സ്വതസിദ്ധമായ ശൈലിയില്‍ തിരിച്ചെത്തി. നിര്‍ണായക മല്‍സരത്തിലെ രോഹിതിന്റെ ഇന്നിങ്‌സ് വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്. രോഹിത് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായി.
നേരത്തേ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ 15ാം ഏകദിനത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. രോഹിത് ശര്‍മയെ തുടര്‍ച്ചയായ 12ാം ഏകദിനത്തിലും ടോസ് നിര്‍ഭാഗ്യം തേടി വന്നതോടെ റെക്കോഡും കുറിക്കപ്പെട്ടു. വെസ്റ്റ്ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയ്ക്കും തുടരെ 12 തവണ ടോസ് നഷ്ടപ്പെട്ടിരുന്നു. നിര്‍ഭാഗ്യത്തില്‍ തുല്യ അവകാശികളാണിപ്പോള്‍ ഇരുവരും.