പാനൂർ : മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ഞായറാഴ്ച രാവിലെ മുതൽ ശ്രീധരൻ മരിച്ച പ്രദേശത്ത് ടാസ്ക് ഫോഴ്സ് പന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ
കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് വനം മന്ത്രി എ.കെ ശശീന്ദ്രൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.
കെ പി മോഹനൻ എം എൽ എ യുടെ നേതൃത്വത്തിലാണ്
ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
പാനൂർ നഗരസഭ അധ്യക്ഷൻ, കൂത്തുപറമ്പ് , പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ,പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, എന്നിവർ ഉൾപ്പെടുന്നതാണ്
ടാസ്ക് ഫോഴ്സ്. ഇവരുടെ നേതൃത്വത്തിൽ കാട്ടുപന്നിക്കായി വ്യാപകമായി തിരച്ചിൽ നടത്തുകയും ആവശ്യമെങ്കിൽ വെടിവെക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും..
ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ശ്രീധരൻ അക്രമിക്കപ്പെട്ട കൃഷിസ്ഥലത്തും പരിസര പ്രദേശങ്ങളിലുമാണ് ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തിയത് .
ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എം പാനൽ ഷൂട്ടർ മാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ
സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ , മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ്, ഫോറസ്റ്റ്
റേഞ്ച് ഓഫീസർ സുധീർ നെരോത്ത്,
ഡെപ്യൂടി റെയ്ഞ്ചർ
കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കെ.പി മോഹനൻ എം. എൽ എ പറഞ്ഞു ടാസ്ക് ഫോഴ്സിൻ്റെ നിർദ്ദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എം.എൽ എ അവശ്യപെട്ടു.