മാഹി: പള്ളൂർ നോർത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ വാർഷികാഘോഷം ”നോർത്ത് ഫെസ്റ്റ്” ജനപങ്കാളിത്തം കൊണ്ട് നാടിൻ്റെ ഉത്സവമായി.
വെള്ളിയാഴ്ച വൈകിട്ടു നാലു മണിക്ക് കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിച്ച ആഘോഷം സന്ധ്യ തിരിഞ്ഞു നടന്ന സമ്മളനത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റീർ ഡി. മോഹൻ കുമാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
‘നോർത്ത് ഫെസ്റ്റ്’ പോലുള്ള സ്കൂൾ ആഘോഷങ്ങൾ വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ സമഗ്രമായ വളർച്ചയിൽ വലിയ പങ്കു വഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ഇഴയാടുപ്പം വർധിപ്പിക്കാൻ ഇത്തരം ആഘോഷങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷ മാഹി (ഏ.ഡി. പി. സി.) പി.ഷിജു മുഖ്യഭാഷണം നടത്തി.
ചലച്ചിത്ര പിന്നണി ഗായകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ എം. മുസ്തഫ,
മാതൃസമിതി അധ്യക്ഷ തഫ്സീറ, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർ പേർസൺ പി.കെ. നജിഷ എന്നിവർ നോർത്ത് ഫെസ്റ്റിനു ആശംസകൾ നേർന്നു.
കെ . ദിൽഷ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക റീന ചാത്തമ്പള്ളി സ്വാഗതവും പി.ടി. മുഹ്സിന നന്ദിയും പറഞ്ഞു.
അക്കാദമിക മികവു പുലർത്തിയ വിദ്യാർഥികളെയും കലാകായിക മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
സ്കൂൾ കായികാധ്യാപകനും അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ടുമായ സി.സജീന്ദ്രൻ മാസ്റ്റർ ആവിഷ്ക്കാരം നിർവ്വഹിച്ചു കുട്ടികൾ അവതരിപ്പിച്ച ‘ദശാവതാരം’ സംഗീത ശില്പം കാണികൾക്ക് വേറിട്ട ഒരു അനുഭവമായി.