Latest News From Kannur

തരൂര്‍ തല്‍ക്കാലം പിന്നിലേക്ക്, ഹൈക്കമാന്‍ഡ് യോഗത്തില്‍ പരാതി ഉന്നയിക്കില്ല;

0

ന്യൂഡല്‍ഹി: അഭിമുഖങ്ങളില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ശശി തരൂര്‍, ഹൈക്കമാന്‍ഡ് നാളെ വിളിച്ചുചേര്‍ത്തിട്ടുള്ള നേതൃയോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കെതിരെ പരാതിയൊന്നും ഉയര്‍ത്തില്ലെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കാനാണ് തരൂരിന്‍റെ തീരുമാനമെന്ന്, അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തല്‍ക്കാലം വിവാദങ്ങളില്‍ നിന്നു മാറി, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായി ഇടപെടാനാണ് ശശി തരൂരിന്റെ തീരുമാനം. ഡല്‍ഹിയിലെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവനില്‍ നാളെ നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ തുടങ്ങിയവര്‍ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖന വിവാദത്തെത്തുടര്‍ന്ന് തരൂര്‍ കഴിഞ്ഞയാഴ്ച രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, തരൂരിന്റെ അടുത്ത അനുയായിയായ എം. കെ. രാഘവന്‍ എം.പി. കഴിഞ്ഞദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. തരൂരിന്റെ ലേഖനം പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ഭിന്നത വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം അറിയിച്ചു. തരൂരിനെതിരായ ആക്രമണത്തില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പിന്തിരിയാന്‍ നിര്‍ദേശിക്കണമെന്ന് രാഘവന്‍ ദീപ ദാസ് മുന്‍ഷിയോട് ആവശ്യപ്പെട്ടു. തരൂരുമായി ചര്‍ച്ച നടത്തിയശേഷമായിരുന്നു എം. കെ. രാഘവന്‍ ദീപ ദാസ് മുന്‍ഷിയെ കണ്ടത്.

Leave A Reply

Your email address will not be published.