Latest News From Kannur

ഭരണകൂടങ്ങൾക്ക് ഭരണഘടന മാറ്റിമറിക്കാനാവില്ല അഡ്വ. ടി. ആസഫലി

0

തലശ്ശേരി :

ഇന്ത്യൻ ഭരണഘടന ആകെ മാറ്റി മറിക്കാൻ പോവുകയാണെന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കൾ തന്നെ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും പാർലമെൻ്റിൽ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്നതിനാൽ മാത്രം ഭരണഘടന പൊളിച്ചെഴുതൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഇന്ത്യയിൽ ക്ഷിപ്രസാദ്ധ്യമല്ലെന്നും മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കോൺഗ്രസ്സ് നേതാവുമായ അഡ്വ. ടി. ആസഫലി പ്രസ്താവിച്ചു. ജനാധിപത്യം അലിഞ്ഞുചേർന്ന ഒരു സാമൂഹിക ക്രമത്തിൽ സർക്കാർ താല്പര്യങ്ങളും ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത കുത്സിത ശ്രമങ്ങളും പാളിപ്പോയ ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ. പൽക്കിവാലയെ പോലുള്ള നിയമജ്ഞരുടെ നിയമവ്യാഖ്യാനങ്ങളും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെപ്പോലുള്ള ന്യായാധിപൻമാരുടെ വിധിന്യായങ്ങളും മാദ്ധ്യമങ്ങളുടെ ജാഗ്രതയോടെയുള്ള ഇടപെടലുകളും നമുക്ക് വഴി വെളിച്ചമായിത്തീരുകയാണെന്ന് ആസഫലി പറഞ്ഞു.

മുദ്രപത്രം മാസിക സംഘടിപ്പിച്ച സ്നേഹാക്ഷരസംഗമം തലശ്ശേരി പാർക്കോ റസിഡൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അഡ്വ. ടി. ആസഫലി.
മുദ്രപത്രം പ്രസിദ്ധീകരിച്ച, സമൂഹത്തിൻ്റെ വിവിധ കർമ്മരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 33 വ്യക്തികളെക്കുറിക്കുന്ന ലേഖന സമാഹാരം- ഇവർ – അഡ്വ. ടി. ആ സഫലി ചടങ്ങിൽ പ്രകാശനം ചെയ്തു.
മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ പുസ്തകം ഏറ്റുവാങ്ങി. വി.ഇ. കുഞ്ഞനന്തൻ പുസ്തകപരിചയം നിർവ്വഹിച്ചു .

മുദ്രപത്രം പത്രാധിപർ പി. ജനാർദ്ദനൻ അദ്ധ്യക്ഷനായ സംഗമത്തിൽ വ്യത്യസ്ത കർമ്മമേഖലകളിലെ പ്രതിഭകളായ വസന്ത തിരുവങ്ങാട് , കാർത്തിക അണ്ടലൂർ , എ. രവീന്ദ്രൻ, ശ്രീജിത്ത് ചോയൻ, കെ.വി. വിജയൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.
സ്നേഹാക്ഷര സംഗമത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മത്സരത്തിൽ വിജയിയായ എ. കീർത്തനയ്ക്ക് ഉപഹാരം നല്കി.
ചൂര്യയി ചന്ദ്രൻ, കെ.ഹരീന്ദ്രൻ എന്നിവർ ആംശസയർപ്പിച്ചു. കതിരൂർ ടി.കെ. ദിലീപ് കുമാർ ബഹുമതി പത്ര സമർപ്പണം നിർവ്വഹിച്ചു.  എം. രാജീവൻ മാസ്റ്റർ സ്വാഗതവും അഡ്വ. കെ.സി. മുഹമ്മദ് ശബീർ കൃതജ്ഞതയും പറഞ്ഞു.
ഒ.പി.ശൈലജ ടീച്ചറുടെ പ്രാർത്ഥനാ ഗാനാലപനത്തോടെ ആരംഭിച്ച സ്നേഹാക്ഷര സംഗമത്തിൽ നൂറിലേറെ വ്യക്തികൾ പങ്കെടുത്തു.

Leave A Reply

Your email address will not be published.