Latest News From Kannur

കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം;

0

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് അമത്സറിലെത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്ത്യക്കാരെ അപമാനിച്ച് രാജ്യത്ത് എത്തിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ് പ്രതിഷേധിച്ചു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ്, കെ. സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഈ വിഷയം സഭയിലും ഉന്നയിച്ചു. ഇന്ത്യക്കാരെ മുമ്പും നാടുകടത്തിയിട്ടുണ്ടെന്നും എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ കടത്തിയതുപോലെ ഒരിക്കലും നാടുകടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. ‘ഇന്ത്യക്കാരെ നാടുകടത്തിയ രീതി ഒരിക്കലും ശരിയായ രീതിയല്ല. നമ്മുടെ ജനങ്ങളുടെ കൈകള്‍ വിലങ്ങിട്ട് അയച്ചത് അപമാനകരമാണ്. ‘ ശശി തരൂര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിഷയം മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ടതാണ്. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായാണ് മനസ്സിലാക്കുന്നത് എന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു വരെ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭയും ഉച്ചവരെ പിരിയുകയായിരുന്നു.

സംഭവം വിവാദമായതോടെ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിഷയം ചര്‍ച്ച ചെയ്തു. ഇന്ത്യക്കാരെ വിലങ്ങ് അണിയിച്ച് നാടുകടത്തിയതില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 ഇന്ത്യാക്കാരെയാണ് ഇന്നലെ അമേരിക്കയില്‍ നിന്നും അമൃത്സറിലെത്തിച്ചത്. അതേസമയം, ഇന്ത്യക്കാരായ കുടിയേറ്റക്കാരെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ ചിത്രമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് അറിയിച്ചു.

 

Leave A Reply

Your email address will not be published.