Latest News From Kannur

‘നിറം കുറവെന്ന് അവഹേളനം’; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍

0

മലപ്പുറം: മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് പിടിയിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 19 കാരി ഷഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഈ ബന്ധത്തിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും ഷഹാനയോട് അബ്ദുൾ വാഹിദിന്റെ മാതാവ് ചോദിച്ചിരുന്നു.

ഷഹാനയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.