Latest News From Kannur

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാതല അവലോകന യോഗം ചേര്‍ന്നു ജനകീയ ശുചിത്വ സമിതികള്‍ രൂപീകരിക്കണം- മന്ത്രി എം.ബി രാജേഷ്

0

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ഓട്ടോ, ടാക്‌സി, ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ശുചിത്വ സമിതികള്‍ രൂപീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശക്തമാക്കണം. ക്യാമറ സ്ഥാപിക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും തദ്ദേശസ്വയം ഭരണ അധ്യക്ഷന്മാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും മന്ത്രി നിര്‍ദേശിച്ചു. മാലിന്യമുക്തം നവകേരളം, അതി ദാരിദ്ര നിര്‍മാര്‍ജനം, ഡിജിറ്റല്‍ സാക്ഷരത, പാലിയേറ്റീവ് കെയര്‍, എബിസി കേന്ദ്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ ചര്‍ച്ച നടന്നു. മാലിന്യമുക്തം നവകേരളം പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് പരിധിയിലുള്ള ടൗണുകളിലും പൊതു ഇടങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം മതിയായ ബിന്നുകളും ബോട്ടിംഗ് ബൂത്തുകളും സ്ഥാപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എം സി എഫ്, ആര്‍ ആര്‍ എഫുകളുടെ നിലവിലെ സ്ഥിതി, സാനിറ്ററി മാലിന്യ സംസ്‌കരണം, പൊതുജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഭൂമി വിട്ടു നല്‍കുന്നതിന് തയ്യാറുള്ളവരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റുമാര്‍ വിളിച്ച് ചേര്‍ക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പഞ്ചായത്തുകളില്‍ തയ്യാറാക്കിയ മൈക്രോ പ്ലാനുകള്‍, വാസസ്ഥലം, വരുമാന മാര്‍ഗ്ഗം, ഭക്ഷണം, ആരോഗ്യം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കേണ്ട കുടുംബങ്ങള്‍, പദ്ധതി നിര്‍വഹണത്തില്‍ ഓരോ മേഖലയിലും നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും മന്ത്രി വിലയിരുത്തി. തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിന് ബ്ലോക്ക് തലത്തില്‍ മൊബൈല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നത് ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത, പാലിയേറ്റീവ് പരിചരണം തുടങ്ങിയ മേഖലകളില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവാ റാവു, വിവിധ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.