തലശ്ശേരിയുടെ സാംസ്കാരിക പാരമ്പര്യം ഓർമ്മിപ്പിക്കുവാനും, തലമുറകളിലേക്ക് പകരാനും പുതുവത്സരരാവിൽ ഫളാഷ്ബാക്ക് തലശ്ശേരിയുടെ ചരിത്ര വീഥികളിലൂടെ പൈതൃകങ്ങളെ അറിഞ്ഞും, കേട്ടും ടൂറിസ്റ്റ് കേന്ദ്രങ്ങളെ സ്പർശിച്ചും കൊണ്ട് ഡസ്സ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൻസിലിൻ്റെ സഹകരണത്തോടെ പൈതൃക വീഥികളിലൂടെ രാത്രിയാത്ര സംഘടിപ്പിക്കും.
സായ് പരിസരത്ത് വെച്ച് ബഹു: അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി. ഉബൈദുള്ള ഫ്ളാഗ് ഓഫ് ചെയ്യും.തുടർന്നു ശ്രീ കൂർബ ഭഗവതി ക്ഷേത്രം സന്ദർശിച്ച ശേഷം ഓവർബറി സായ്‌വ് കണ്ടെത്തിയ ദൃശ്യ സങ്കേതം വഴി ജൂമാഅത്ത് പള്ളിയുടെ സമീപത്ത് എത്തും. അവിടുന്നു സ്റ്റേഡിയത്തിൽ പ്രവേശിച്ച് ക്രിക്കറ്റ് കളിക്കാർക്കൊപ്പം ചേർന്നു് മുന്നു’സി’കളുടെ നാടായ തലശ്ശേരിയുടെ ആദ്യ സി പുനരാവിഷ്ക്കരിക്കും. തുടർന്നു ഗുണ്ടർട്ടിൻ്റെ പ്രതിമ നിൽക്കുന്ന ഗുണ്ടർട്ട് പാർക്കും,സബ് കലക്ടർ ഓഫീസ്, വെല്ലസ്ലി ബംഗ്ളാവ് വഴി സഞ്ചരിച്ച് ഹോളിറോസറി ദേവാലയ അങ്കണത്തിലെത്തിയാൽ സംഘത്തെ ചർച്ച് വികാരി ഫാദർ മാത്യൂ തൈക്കൽ സീകരിക്കും.പിന്നീട് ലൈറ്റ് ഹൗസിൻ്റെ സമീപത്ത് കൂടി സെയ്ൻ്റ് ജോൺ ആംഗ്ലിക്കൻ ചർച്ചിൽ വെച്ച് ഫാദർ റജി തോമസിൻ്റെ സ്വീകരണം എറ്റുവാങ്ങി പളളി അങ്കണത്തിലെ സർ എഡ്വേർഡ് ബ്രണ്ണൻ്റെ ശവകുടീരം സന്ദർശിച്ച ശേഷം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രക്ഷോഭങ്ങളുടെ രംഗഭൂമിയായ ജവഹർഘട്ടിൽ എത്തും. തുടർന്നു പോരാട്ടങ്ങളുടെ വീരഗാഥകൾ മുഴങ്ങുന്ന കോട്ട വഴി ആസാദ് ലൈബ്രറിയുടെ മുന്നിലൂടെ പിയർ റോഡിലേക്ക് പ്രവേശിക്കും.
തലശ്ശേരിയുടെ സാഗര തീരത്ത് കൂടെ വാണിജ്യ പ്രതാപത്തിൻ്റെ ജീവിക്കുന്ന സാക്ഷികളായ പാണ്ടികശാലകൾ പിന്നിട്ട് കടൽപ്പാലത്തിനരികിലൂടെ സാഗര തീരത്ത് വെച്ച് രണ്ടാമത്തെ സി ആയ രാജ്യത്തെ ആദ്യത്തെ കേക്ക് മമ്പളളി ബാപ്പു ബെയ്ക്ക് ചെയ്തതിൻ്റെ പുനരാവിഷ്ക്കാരം കേക്ക് മുറിക്കുന്നതോട് കൂടി നടക്കും. തുടർന്നു മുന്നാമത്തെ സി ആയ സർക്കസ്സ് കളരിപ്പയറ്റ് പ്രദർശനത്തോടെ പുനരാവിഷ്ക്കരിച്ച് ഹെരിറ്റേജ് യാത്രയ്ക്ക് സമാപനം കുറിക്കും.
ശ്രീ. കെ.കെ. മാരാർ, സബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി, ഫാദർ മാത്യൂ തൈക്കൽ, ഡോ.എ.വത്സലൻ, പ്രൊഫ. എ.പി. സുബൈർ, ഡോ.എൻ.സാജൻ, പി.കെ.സുരേഷ്, ശശികുമാർ കല്ലിഡുംബിൽ തുടങ്ങിയവർ പൈതൃകങ്ങളുടെ ചരിത്ര പശ്ചാത്തലം യാത്രാ അംഗങ്ങളുമായി പങ്ക് വെയ്ക്കും.
എം.പി. നിസാമുദ്ധീൻ, നാസർ ലാമിർ, സി.ടി.കെ.അഫ്സൽ, ഒ.വി.മുഹമ്മദ് റഫീക്ക്, അഫ്സൽ ബാബു ആദി രാജ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും.