ശിവഗിരി : കാലത്തിനതീതമായ ഗുരുദർശനം രാഷ്ട്രങ്ങൾക്ക് ബോധ്യപ്പെടുന്ന നിലയിലേക്ക് എത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന ഈശ്വരഭക്തി-സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലങ്ങൾക്കും എല്ലാ സീമകൾക്കും അപ്പുറത്ത് നിലനിൽക്കുന്നതിനാലാണ് ഗുരുദേവദർശനങ്ങൾ കാലികപ്രസക്തമാകുന്നത്.
വിശ്വമാനവികതയെ അടിസ്ഥാനമാക്കി ഏകലോകമെന്ന മഹാസങ്കല്പത്തിലേക്ക് ലോകസമൂഹത്തെ ഉണർത്താൻ വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റിലൂടെ കഴിഞ്ഞു. എല്ലാ മതങ്ങളുടെയും സാരം ഏകമെന്നാണ് ഗുരു പറഞ്ഞത്. വംശീയതയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്നവർ പലമതസാരവുമേകം എന്നത് തിരിച്ചറിയുന്നില്ല- മന്ത്രി പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, നസീർ വെളിയിൽ യു.എ.ഇ., എം.എൻ.സദാനന്ദൻ ഭോപാൽ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിച്ചു.