നിലനിൽക്കുന്നത് അദ്ധ്യാപകരുടേയും വിദ്യാർഥിയുടേയും സർഗാത്മകത ഇല്ലാതാക്കുന്ന വിദ്യാഭ്യാസം പി.സുരേന്ദ്രൻ
കണ്ണൂർ : നിലനിൽക്കുന്നത് അദ്ധ്യാപകരുടേയും വിദ്യാർഥിയുടേയും സർഗാത്മകത ഇല്ലാതാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പ്രസ്താവിച്ചു. പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയ സർക്കാർ നയം നടപ്പിലാക്കണമെന്നും വായനയും എഴുത്തും ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന ബോധന സമ്പ്രദായം ആവിഷ്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “കോർപ്പറേറ്റുകൾക്ക് വിടുവേല ചെയ്യാൻ പരിശീലിപ്പിക്കുന്നതിനപ്പുറം വിദ്യാഭ്യാസത്തിന് യാതൊരു ലക്ഷ്യവുമില്ലാതായിരിക്കുന്നു. മനുഷ്യൻ്റെ നൈതിക ജാഗ്രത നിലനിൽക്കേണ്ടത് സമൂഹത്തിലെ ജനാധിപത്യ ഇടം നിലനിർത്തുന്നതിന് പ്രധാനമാണ്. അനീതിക്കെതിരെ തെരുവിലിറങ്ങാൻ പ്രാപ്തനാക്കുക എന്നതാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. അതിന് സാധിച്ചില്ലെങ്കിൽ നമ്മുടെ അസ്തിത്വത്തിന് പ്രസക്തിയില്ലാതാവും. ” ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് പി. സുരേന്ദ്രൻ പറഞ്ഞു. ടി.മാധവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച സദസ്സിൽ ഡോ.ഡി.സുരേന്ദ്രനാഥ്, നൗഷാദ് ചേലേരി, എം.വി.തങ്കച്ചൻ, ഷാമിൽ, കെ.ബാബുരാജൻ, കെ.സുനിൽകുമാർ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു. എം.കെ.ഷഹസാദ് സ്വാഗതവും രഘു സി. നന്ദിയും പറഞ്ഞു.