മാഹി: ചാലക്കര ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ ദേശീയ കവി സുബ്രമഹ്ണ്യ ഭാരതിയുടെ ജന്മദിനം ഭാരതീയ ഭാഷോത്സവമായി ആഘോഷിച്ചു. ഉസ്മാൻ കൺവെൻഷൻ സെൻ്ററിൽ മുതിർന്ന അധ്യാപിക പി.ശിഖയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്നു കുട്ടികളുമായി നടത്തിയ സ്നേഹസല്ലാപത്തിൽ മറ്റു ഇന്ത്യൻ ഭാഷകൾ എങ്ങനെ പഠിക്കാം എന്ന വിഷയത്തിൽ അദ്ദേഹം സംവദിച്ചു. സിനിമകളും റേഡിയോ പ്രക്ഷേപണവും ചലച്ചിത്രഗാനങ്ങളും ദേശഭക്തി ഗാനങ്ങളും നല്കുന്ന സാധ്യതകളും ചർച്ച ചെയ്തു. ഭാരതിയാരുടെ പ്രശസ്ത രചന ‘ഓടി വിളയാടു പാപ്പാ’ എന്ന തമിഴ് പാട്ട് കുട്ടികളെക്കൊണ്ടു പാടിപ്പിച്ചും അർത്ഥം വിശദമാക്കിയും മറ്റൊരു ഭാഷ എങ്ങനെ എളുപ്പത്തിൽ മനസ്സിലാക്കി ആസ്വദിക്കാം എന്ന് സോദാഹരണ സഹിതം മുസ്തഫ മാസ്റ്റർ വിശദീകരിച്ചു. വിവിധ ഭാഷാ ഗാനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച രംഗോളി നൃത്തം ആഘോഷത്തിനു മാറ്റുകൂട്ടി. ഹിന്ദി, തമിൾ , തെലുങ്കു ,കന്നട, പഞ്ചാബി, തുടങ്ങി ഇന്ത്യയിലെ പതിമൂന്നോളം ഭാഷകളിൽ വിദ്യാർഥികൾ സ്വയം പരിചയപ്പെടുത്തി അവതരിപ്പിച്ച സംഭാഷണം സദസ്സിനു കൗതുകമേകുന്ന അനുഭവമായി. ഭാരതീയ ഭാഷാ ഉത്സവിനോടനുബന്ധിച്ചു വിദ്യാലയത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പി.ഇ.സുമ സ്വാഗതവും കെ.ഷീജ നന്ദിയും പറഞ്ഞു. കലാ സാഹിത്യ വേദി കൺവീനർ സുജിത രായരോത്ത്, പി.ആനന്ദ്, ഷിജി ജോസ്, സി.വി. നിഷിത, നിഷ്ണ പ്രദീപ്, അമയരാജൻ എന്നിവർ നേതൃത്വം നല്കി.