Latest News From Kannur

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഒരു പരാതി കൂടി കിട്ടി, ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല

0

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്ന കാര്യത്തില്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഇന്നുണ്ടാകില്ല. റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിലാണിത്. പുതിയ പരാതി പരിശോധിച്ച ശേഷമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നും വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ വിവരാവകാശ കമ്മിഷന് നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ നേരത്തെ അറിയിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ ലഭിച്ചതോടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധനയ്ക്കായി വീണ്ടും ഹാജരാക്കാന്‍ സാംസ്‌കാരിക വകുപ്പിനോടു വിവരാവകാശ കമ്മിഷണര്‍ ഒക്ടോബര്‍ 30ലെ ഹിയറിങില്‍ ആവശ്യപ്പെട്ടിരുന്നു. 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളും 49 മുതല്‍ 53 വരെയുള്ള പേജുകളും ഒഴിവാക്കിയെന്ന പ്രചാരണത്തിനിടയാക്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നു ഹിയറിങ്ങില്‍ സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥരായ സുഭാഷിണി തങ്കച്ചി, ജോയിന്റ് സെക്രട്ടറി ആര്‍.സന്തോഷ് എന്നിവര്‍ കമ്മിഷനെ ബോധിപ്പിച്ചു.

295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകള്‍ കമ്മിഷന്‍ നേരിട്ട് ഒഴിവാക്കി. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങള്‍ ഒഴിവാക്കാന്‍ സാംസ്‌കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസര്‍ക്കു വിവേചനാധികാരം നല്‍കിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുന്‍കൂട്ടി അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 101 ഖണ്ഡികകള്‍ കൂടി വിവരാവകാശ ഓഫിസര്‍ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകര്‍ക്കു നല്‍കി. ഈ പട്ടികയില്‍ ഇല്ലാതിരുന്നവയും സര്‍ക്കാര്‍ പിന്നീട് ഒഴിവാക്കിയതാണ് പരാതിക്ക് ഇടയാക്കിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ അപ്പീല്‍ നല്‍കിയത്.

 

Leave A Reply

Your email address will not be published.