സി.ബി.എസ്.ഇ സിലബസ്സ് : കുട്ടികൾ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കണംനഴ്സിംങ്ങ് കോളേജിന് പകരം സംവിധാനം കാണണം. ബാലകലാമേള ഇനി നടത്തുന്നത് അനുചിതം
മാഹി: സി.ബി.എസ്.ഇ സിലബസ്സ് വന്നതോടുകൂടി കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് 10,11,12 ക്ളാസ്സുകളിലെ ബോർഡ് പരീക്ഷകളിൽ 25 ശതമാനം പ്രമോഷൻ മാർക്ക് അനുവദിക്കണമെന്നും മാഹി ഗവ.എൽ.പി സ്കൂൾ അടച്ചു പൂട്ടി നഴ്സിങ് കോളേജ് ആരംഭിക്കുന്ന നടപടി പിൻവലിച്ച് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും മാഹി മേഖല ഗവ.സ്കൂൾ പേരൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബാലകലാമേള അസമയത്ത് നടത്തുന്നത് ഉചിതമല്ല. അദ്ധ്യയന വർഷ അവസരങ്ങളിൽ അദ്ധ്യാപകരെ സ്ഥലം മാറ്റുന്നത് ഒഴിവാക്കണം. സ്കൂൾ യൂണിഫോമിൽ സമഗ്രമായ മാറ്റം വരുത്തണം. യു.പി. മുതലുള്ള പെൺകുട്ടികൾക്ക് ഓവർ കോട്ട് നൽകണം. സ്റ്റുഡൻ്റ്സ് ഐ.ഡി.കാർഡ് സംവിധാനം ഏർപ്പെടുത്തുക.
പിഎം ശ്രീ ആയി ഉയർത്തപ്പെട്ട പ്രത്യേക പരിഗണയിലുള്ള ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിന് ആവശ്യമായ കളിസ്ഥലം ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കുക. എസ്.എം.സിയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് പരിശോധിക്കുക. ഫ്രഞ്ച് സ്കൂളിൽ ഫ്രഞ്ച് ഭാഷ പോലും അറിയാത്ത അദ്ധ്യാപകരെ നിയമിച്ചതിലെ അപാകത പരിഹരിക്കണം. ഫ്രഞ്ച് അറബിക്ക് പോലുള്ള വിഷയങ്ങളിലേക്കുള്ള നിയമനത്തിന് ആവശ്യമായ ഭേദഗതികൾ വരുത്തുക. തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് ലഫ്. ഗവർണർ ഉൾപ്പടെയുള്ള അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികളായ ഷോഘിത വിനീത്, റഷീദ് അടുവാട്ടിൽ, ഷിബു കാളാണ്ടിയിൽ, ധനൂപ, ഫെബിന കലീൽ എന്നിവർ അറിയിച്ചു.