മാഹി: മാഹിയിലെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ ജനകീയനായ നേതാവായിരുന്നു ഏ.വി.ശ്രീധരനെന്ന് പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്.കോൺഗ്രസ്സ് നേതാവും പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഏ.വി.ശ്രീധരൻ്റെ എട്ടാം ചരമ വാർഷികദിനത്തിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇ.വത്സരജ്. പ്രശ്നങ്ങൾ നെഞ്ചോട് ചേർത്ത് പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതിൽ അഭിമാനം കൊണ്ടിരുന്ന ഏ.വിയുമായുള്ള ആത്മബന്ധം ഒരിക്കലും മറക്കാനാവില്ലെന്ന് ഇ.വത്സരാജ് കൂട്ടിച്ചേർത്തു.
തൊഴിലാളി പ്രസ്ഥാനത്തിലൂടെ ജനങ്ങളുടെ അംഗീകാരം നേടി ഉന്നത സ്ഥാനങ്ങളിലെത്തിയ നേതാവാണ് ഏ.വി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതുതലമുറ മാതൃകയാക്കണം. ഇന്ത്യാ സഖ്യം നമ്മുടെ രാജ്യത്ത് മതേതര ശക്തികളെ ഒരുമിച്ച് ചേർത്ത് മുന്നോട്ട് നയിക്കുമ്പോൾ ഇവിടെ സി.പി.എം സ്വീകരിക്കുന്ന നിലപാട് വർഗ്ഗീയ ശക്തികൾക്ക് അനുകുലമായി തീരുകയാണ്. അതുകൊണ്ടുതന്നെ സി.പി.എമ്മിന് ജനങ്ങളുടെ ഇടയിലുള്ള അംഗീകാരം നഷ്ടപ്പെട്ടിരിക്കയാണെന്ന്കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ മുഖ്യ ഭാഷണത്തിൽ പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. മോഹനൻ അധ്യക്ഷനായി. രമേശ് പറമ്പത്ത് എം.എൽ.എ, സത്യൻ കോളോത്ത്, പി.പി.വിനോദൻ, പി.പി.ആശാലത സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ പ്രവർത്തകരായ കെ.ഹരിന്ദ്രൻ, എൻ.മോഹനൻ, കെ.രവിന്ദ്രൻ, ഷാജി പൊയിൽ, കെ.പ്രശോഭ്, പി.കെ.രജേന്ദ്രൻ എന്നിവരും എം.എ.എസ്സ്.എം. വായനശാലയുടെയും ഏ.വി.എസ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പി.ഗംഗാധരൻ, എം.ശ്രീജയൻ എന്നിവരും ഏ.വി.എസ്സ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി.